തിരുവനന്തപുരം: നീറ്റ് പ്രവേശ പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയത് അപരിഷ്‌കൃതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാണക്കേടായ സംഭവം എന്ത് മാനദണ്ഡമനുസരിച്ചാണ് ഉണ്ടാക്കിയത് എന്ന് വ്യക്തമാക്കണം. ഇത് മനുഷ്യാവകാശ ലംഘനവും, ക്രിമനല്‍ കുറ്റവും കൂടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ചില സ്വകാര്യ സ്‌കൂളുകളിലാണ് അപരിഷ്‌കൃതമായ രീതികള്‍ അരങ്ങേറിയത്. കടുത്ത മാനസിക സംഘര്‍ഷമാണ് പല വിദ്യാര്‍ത്ഥിനികളും അനുഭവിക്കേണ്ടി വന്നതെന്ന് അവരുടെ വാക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. സിബിഎസ്ഇ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മൂലമാണ് വിദ്യാര്‍ത്ഥിനികള്‍ ഇത്തരത്തില്‍ അപമാനിക്കപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു.

ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണം. ഏത് പരീക്ഷക്കും അതിന്റെ മാനദണ്ഡങ്ങളും രീതികളും ഉണ്ട്. എന്നാല്‍ മനുഷ്യന്റെ അന്തസിനെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്തു കൊണ്ടും അവരെ അപമാനിച്ചു കൊണ്ടുമാകരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മനുഷ്യവകാശ കമ്മീഷന്‍ ഈ കാര്യത്തില്‍ കൈക്കൊണ്ട നിലപാടിനെ പിന്തുണക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.