കോടതിയലക്ഷ്യ കേസില്‍ ജസ്റ്റിസ് കര്‍ണന് ആറു മാസം തടവ്; ഉടന്‍ ജയിലില്‍ അയക്കണമെന്ന് സുപ്രീംകോടതി; കര്‍ണന്റെ പ്രസ്താവനകള്‍ നല്‍കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

ദില്ലി: കോടതിയലക്ഷ്യ കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിഎസ് കര്‍ണന് ആറു മാസം തടവ്. ജഡ്ജിയായതിനാല്‍ ശിക്ഷയില്‍ നിന്നു മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും കര്‍ണനെ ഉടന്‍ ജയിലിലേക്ക് അയക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കര്‍ണന്റെ പ്രസ്താവനകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസിനെ അറസ്റ്റ് ചെയ്യാന്‍ കര്‍ണന്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് സുപ്രീംകോടതി നടപടി. രാജ്യത്ത് ഇതാദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതി തടവുശിക്ഷ വിധിക്കുന്നത്.

കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് അടക്കമുള്ള എട്ടു ജഡ്ജിമാരെ അറസ്റ്റ് ചെയ്ത് അഞ്ചു വര്‍ഷം ജയിലിലടക്കാന്‍ ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടിരുന്നു. പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയുന്ന നിയമവുമായി ബന്ധപ്പെട്ടാണ് ശിക്ഷാ വിധി. തനിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത സുപ്രീംകോടതി ജഡ്ജിമാര്‍ ന്യായാധിപനെന്ന പദവിയെ പരിഗണിച്ചില്ലെന്നും ദളിതനാണെന്ന കാര്യം അവഗണിച്ചെന്നും പറഞ്ഞാണ് കര്‍ണന്‍ ശിക്ഷ വിധിച്ചത്.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരെ അഴിമതി ആരോപിച്ച്, ചീഫ് ജസ്റ്റീസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് കത്തയച്ചതാണ് ജസ്റ്റിസ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങാന്‍ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News