പ്രണയത്തിനായുള്ള യാത്രയുടെ ദൃശ്യവിരുന്നൊരുക്കി സിഐഎ

അമല്‍ നീരദ് – ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ പിറവിയെടുത്ത ആദ്യ സിനിമയാണ് സിഐഎ. പ്രേക്ഷകര്‍ക്ക് എപ്പോഴും എന്തെങ്കിലും പുതുമകള്‍ കാത്തു വെക്കുന്ന സംവിധായകനാണ് അമല്‍നീരദ്. സ്‌റ്റൈലിഷ് സംവിധായകനും സ്‌റ്റൈലിഷ് യുവതാരവും ഒന്ന് ചേരുന്ന സ്‌റ്റൈലിഷ് ചിത്രം. അതാണ് സിഐഎ.

ചുവപ്പ് എന്ന മാര്‍ക്കറ്റിംഗ് ഫാക്ടര്‍ ചേര്‍ത്തൊരുക്കുന്ന പ്രണയ ചിത്രം എന്ന ഒരു ഇമേജ് ആണ് ചിത്രം അതിന്റെ ട്രെയിലറിലൂടെ പ്രേക്ഷകര്‍ക്ക് തന്നത്.

കേരള കോണ്‍ഗ്രസ് അനുഭാവിയായ അപ്പന്റെ, കമ്മ്യൂണിസ്റ്റുകാരനായ മകന്‍ അജി ആയാണ് ദുല്‍ഖര്‍ എത്തുന്നത്. അജിയായി അഭിനയിക്കുകയല്ല ജീവിക്കുകയാണ് ദുല്‍ഖര്‍. സഖാവ് ജോമോന്‍ അജിയുടെ ഉറ്റ സുഹൃത്താണ്. സൗബിന്‍ ആ വേഷം വളരെ നന്നായി ചെയ്തിരിക്കുന്നു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയെത്തുന്ന ദിലീഷ് പോത്തനും കിടുക്കി.

CIA-1

കോരിത്തരിപ്പിക്കുന്ന ഇന്‍ട്രോ സീന്‍ ആയിരുന്നു ആദ്യ പകുതിയുടെ മുഖ്യമായ ആകര്‍ഷണം. പിന്നെ, കമ്മ്യൂണിസത്തിന്റെ ആദര്‍ശ പുരുഷന്മാരായ ചെഗുവേരയും മാര്‍ക്‌സും ലെനിനും സ്റ്റാലിനും ഒക്കെ കടന്നു വരുന്ന അജിയുടെ സ്വപ്നവും. ദുല്‍ഖര്‍ – ദിലീഷ് – സൗബിന്‍ കൂടുക്കെട്ടില്‍ പിറന്ന നര്‍മരംഗങ്ങളും നന്നായിരുന്നു. നാട്ടിന്‍പുറവും അവിടുത്തെ ജീവിതവും പ്രണയവും രാഷ്ട്രീയവും നര്‍മവും എല്ലാം വേണ്ട രീതിയില്‍ ചാലിച്ചാണ് ഫസ്റ്റ് ഹാഫ് ഒരുക്കിയിരിക്കുന്നത്.

പുതുമുഖ നടിയായ കാര്‍ത്തിക വേണ്ട വിധം മികച്ചുനിന്നു എന്ന് പറയാന്‍ ആവില്ല. ഒപ്പം തന്നെ പറയട്ടെ, ആദ്യാനുരാഗത്തിന്റെ തീവ്രത ഒരു രംഗങ്ങളിലും അനുഭവവേദ്യമായില്ല. രസകരമായി, തരിമ്പു പോലും മടുപ്പിക്കാതെ പോയ ആദ്യ ഭാഗം വികാരഭരിതമായ രംഗങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. അമല്‍ നീരദിന്റെ ആ സ്‌റ്റൈല്‍സ്, സ്‌ക്രീന്‍ നിറഞ്ഞു നില്‍ക്കുന്ന ദുല്‍ഖര്‍… ഇതെല്ലാം ആദ്യ പകുതിക്ക് മാറ്റ് കൂട്ടി.

ചിത്രത്തിന് അതുവരെ നില നിന്നിരുന്ന ഫീല്‍ മാറ്റിയാണ് രണ്ടാം പകുതി എത്തിയത്. യാത്രയുടെ സാഹസികതകള്‍ നിറഞ്ഞു നില്‍ക്കുകയാണ് രണ്ടാം പകുതിയില്‍. ‘how far will you go for love’ എന്ന ടാഗ് ലൈന്‍ പറഞ്ഞു വെക്കുന്ന പോലെ തന്നെ, തന്റെ പ്രണയം നഷ്ടമാകാതിരിക്കാന്‍ വേണ്ടി നായകന്‍ നടത്തുന്ന അതിസാഹസികത നിറഞ്ഞു നില്‍ക്കുന്ന യാത്രകള്‍.

അനധികൃതമായ വഴിയിലൂടെ അമേരിക്കയിലേക്ക് കടക്കുന്ന നായകനും, അതേ യാത്രയില്‍ അവന്‍ പരിചയപ്പെടുന്ന പല ജീവിതങ്ങളും ആണ് രണ്ടാം പകുതിയില്‍. അഭയാര്‍ത്ഥിത്വത്തിന്റെ പല പല മുഖങ്ങളും. അവര്‍ക്കെല്ലാം പറയാനുണ്ട് ഓരോ കഥകള്‍. മലയാള സിനിമ ഇന്ന് വരെ കടന്നു ചെല്ലാത്ത ലൊക്കേഷനുകളാണ് മറ്റൊരു പ്രത്യേകത.

അമേരിക്കയുടെ അതിര്‍ത്തികളും മെക്‌സിക്കോയും ലൊക്കേഷനുകള്‍ ആകുന്ന സിനിമ ദൃശ്യഭംഗികള്‍ അത്രയും ഒപ്പിയെടുത്തിട്ടുണ്ടെന്നു വേണം പറയാന്‍. ഈ പ്രണയവും യാത്രയും ചിലപ്പോഴെങ്കിലും നമ്മളെ നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി എന്ന സിനിമയെ ഓര്‍മിപ്പിക്കുന്നു.

CIA-2

രണ്ടാം പകുതിയെ സമ്പന്നമാക്കുന്നത് രണ്‍ദേവിന്റെ ക്യാമറയാണ്. അസാധ്യമായ ക്യാമറ വര്‍ക്ക്. എഫക്ട്‌സ്, കളര്‍ടോണ്‍സ് സൂപ്പര്‍. ചില ഫ്രെയിംസ് നമ്മളെ അത്രമേല്‍ ആകര്‍ഷിക്കുന്നു.

പറയാതെ വയ്യ, ആദ്യ പകുതി കാത്തു സൂക്ഷിച്ച വേഗത രണ്ടാം പകുതിയില്‍ നഷ്ടപ്പെട്ടു. വല്ലാതെ വലിഞ്ഞു പോയി. കാര്യമാത്രമായി ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും സെക്കന്റ് ഹീറോയിനായി എത്തിയ ചാന്ദ്‌നി തന്റെ ഭാഗങ്ങള്‍ നന്നായി ചെയ്തു.

സ്‌ക്രീന്‍ പ്രസന്‍സും ഡയലോഗ് ഡെലിവറിയും കൊണ്ട് സൂപ്പര്‍ സ്റ്റാര്‍ പട്ടം അരക്കിട്ട് ഉറപ്പിക്കുകയാണ് ദുല്‍ഖര്‍. ഒപ്പം തന്നെ എടുത്തു പറയേണ്ട ഒന്നാണ് സിദ്ധിക്കിന്റെ കഥാപാത്രവും. അവര്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളും. ദുല്‍ഖറും സിദ്ധിക്കും തമ്മിലുള്ള അച്ഛന്‍ – മകന്‍ ബന്ധം വളരെ തന്മയത്വത്തോടെ ആണ് സ്‌ക്രീനില്‍ നിറയുന്നത്.

CIA-3

ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്ന സിനിമയാണ് സിഐഎ. ഷിബിന്‍ ഫ്രാന്‍സിസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എന്നാല്‍, പല സന്ദര്‍ഭങ്ങളിലും, പല പോയിന്റുകളിലും കഥയ്ക്ക് എന്തൊക്കെയോ ചില പാളിച്ചകള്‍ തോന്നിപ്പിക്കുന്നുണ്ട് ചിത്രം. രണ്‍ദീവിന്റെ ഛായാഗ്രഹണം ചിത്രത്തിന് കരുത്തേകുന്നു. ചിത്രസംയോജനത്തില്‍ പ്രവീണ്‍ പ്രഭാകര്‍ വിജയിച്ചെന്നു പറയാം.

പശ്ചാത്തല സംഗീതത്തില്‍ പുതുമയാര്‍ന്ന പരീക്ഷണവുമായി എത്തുന്ന ഗോപീസുന്ദര്‍, അതിനോട് തീര്‍ത്തും നീതി പുലര്‍ത്തി. കണ്ണില്‍ കണ്ണില്‍ എന്ന ഗാനം വളരെ നന്നായിരിക്കുന്നു. ദുല്‍ഖറിലെ ഗായകനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ ‘വാനം തിള തിളയ്ക്കണ്….’ എന്ന ഗാനവും നല്ല നിലവാരം പുലര്‍ത്തി. സന്ദര്‍ഭത്തോട് യോജിക്കുന്നോ എന്ന് സംശയമാണ്, എങ്കില്‍ കൂടി…

അഭിനേതാക്കളും ഡയലോഗ് പ്രസന്‍സും ഗാനങ്ങളും കിടിലന്‍ ഫ്രെയിമുകളും ടെക്‌നിക്കല്‍ സൈഡും എല്ലാം മികവുറ്റ് നിന്നപ്പോള്‍ ചിത്രത്തിന് നെഗറ്റീവ് ടച്ച് നല്‍കിയത് രണ്ടാം പകുതിയിലെ ഇഴച്ചിലാണ്. എവിടെ ഒക്കെയോ കൈവിട്ടു പോയ കഥയും. എങ്കിലും പറയാം, ഏതൊരു പ്രേക്ഷകനും ഒരു one time watch ഉറപ്പു നല്‍കുന്നുണ്ട് ചിത്രം. പ്രത്യേകിച്ചും പ്രണയ സിനിമ, ചുവപ്പന്‍ സിനിമ, യാത്രാ സിനിമ, കുടുംബ സിനിമ, ആക്ഷന്‍ സിനിമ എന്നിവയില്‍ ഏതെങ്കിലും ഒന്നിലേക്ക് ചുരുങ്ങിയുള്ള പ്രതീക്ഷകളുമായി പോവാതിരുന്നാല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here