
ദില്ലി : ഇലക്ടോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ എങ്ങനെ കൃത്രിമം കാട്ടാമെന്ന് നിയമസഭയില്‍ തത്സമയം തെളിയിച്ച് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി എംഎല്‍എ സൗരഭ് ഭരദ്വാജാണ് വോട്ടിങ്ങ് യന്ത്രവുമായി ദില്ലി നിയമസഭയിലെത്തി അവതരണം നടത്തിയത്. അതേസമയം ഭരദ്വാജ് ഉപയോഗിച്ച വോട്ടിങ്ങ് യന്ത്രം തങ്ങളുടേതല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു.
ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ്ങ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണ് ബിജെപി വിജയം നേടിയതെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ ആരോപിച്ചിരുന്നു.ഈ ആരോപണം തെളിയിക്കാനുള്ള ശ്രമമാണ് ദില്ലി നിയമസഭയില്‍ ഉണ്ടായത്.
വോട്ടിങ്ങ് യന്ത്രവുമായി സഭയിലെത്തിയ എഎപി എംഎല്‍എ സൗരബ് ഭരദ്വാജ് എങ്ങനെയാണ് കൃത്രിമം നടക്കുന്നതെന്ന് വിശദീകരിച്ചു. രാഷ്ട്രീയത്തിലെത്തുന്നതിന് മുന്‍പ് കമ്പ്യൂട്ടര്‍ എഞ്ചിനീയറായി വിവിധ കമ്പനികളില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ടെന്ന മുഖവുരയോടെയാണ് എംഎല്‍എ എങ്ങനെ കൃത്രിമം നടത്താമെന്ന് കാര്യം അവതരിപ്പിച്ചത്.
വോട്ടിങ്ങ് യന്ത്രത്തില്‍ ഒരു രഹസ്യകോഡ് നല്‍കിയാല്‍ മെഷീനില്‍ പതിയുന്ന ഭൂരിപക്ഷം വോട്ടുകള്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന സംവിധാനം ഭരദ്വാജ് യന്ത്രം പ്രലര്‍ത്തിപ്പിച്ച് കാണിച്ചു. പരീക്ഷണ വോട്ടെടുപ്പില്‍ എഎപി – 10, ബിഎസ്പി – 2, ബിജെപി – 3, കോണ്‍ഗ്രസ് – 2, എസ്പി – 2, എന്നിങ്ങനെ യന്ത്രത്തില്‍ വോട്ടുകള്‍ പതിച്ചു.
- For the first time in India
- LIVE Demo of EVM tampering
- See for yourself
- Share with everyone#WeChallengeEC pic.twitter.com/PxOYoqvV0D— AAP (@AamAadmiParty) May 9, 2017
ഫലം നോക്കിയപ്പോള്‍ ബിജെപിക്ക് 11 വോട്ടും മറ്റെല്ലാവര്‍ക്കും രണ്ട് വോട്ടുകള്‍ വീതവും. രഹസ്യ കോഡ് ഉപയോഗിച്ചപ്പോഴാണ് ബിജെപിക്ക് ലഭിച്ച മൂന്ന് വോട്ട് ഫലം വന്നപ്പോള്‍ 11 ആയത്. ഇങ്ങനെയാണ് സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയിച്ചതെന്നും ആം ആംദ്മി എംഎല്‍എ ആരോപിച്ചു.
ആരോപണം തെറ്റാണന്ന് തെളിയിക്കാന്‍ ഏത് ശാസ്ത്രജ്ഞനെയും വെല്ലു വിളിക്കുന്നതായും സൗരവ് ഭരദ്വാജ് പറഞ്ഞു. ജനാധിപത്യത്തെ പരിഹസിക്കുകയാണ് ആം ആമ്ദി പാര്‍ട്ടി ചെയ്തതെന്നും കെജ്‌രിവാളിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും ബിജെപി കുറ്റപ്പെടുത്തി.
സൗരവ് ഭരദ്വാജിന്റെ ആരോപണം തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍, നിയമസഭയില്‍ എത്തിച്ച വോട്ടിങ്ങ് മെഷീന്‍ കമ്മീഷന്റേതല്ലെന്ന് വ്യക്തമാക്കി. വോട്ടിങ്ങ് യന്ത്രത്തില്‍ കൃത്രിമം നടക്കുന്നുവെന്ന വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ബാലറ്റ് സംവിധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 16 രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഈ മാസം 12ന് ചേരാനിരിക്കേയാണ് തത്സമയ അവതരണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here