ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ നല്‍കിയത് സാമ്പത്തിക സഹായം; അഭിരാമി പകരം സമ്മാനിച്ചത് സ്വര്‍ണ്ണമെഡല്‍; മിടുക്കിക്ക് മന്ത്രി എകെ ബാലന്റെ അഭിനന്ദനം

തിരുവനന്തപുരം : ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അഭിരാമിക്ക് ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയത് സാമ്പത്തിക സഹായം. അഭിരാമി പകരം സമ്മാനിച്ചത് ചാമ്പ്യന്‍ഷിപ്പില്‍ നേടിയ സ്വര്‍ണ്ണമെഡല്‍. കോഴിക്കോട് നടക്കാവ് ജിവിഎച്എസ്എസ് ഫോര്‍ ഗേള്‍സ് സ്‌കൂളിലെ അഭിരാമിയാണ് അഭിമാന നേട്ടം കൊയ്തത്. സ്വര്‍ണ്ണമെഡല്‍ നേടിയ അഭിരാമിയെ മന്ത്രി എകെ ബാലന്‍ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.

കോഴിക്കോട് നടക്കാവ് സ്‌കൂളിലെ അഭിരാമി എന്ന മിടുക്കിയെപ്പറ്റി എ പ്രദീപ് കുമാര്‍ എംഎല്‍എയാണ് മന്ത്രി എകെ ബാലന്റെ ശദ്ധയില്‍പ്പെടുത്തിയത്. ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായിരുന്നു സഹായം അഭ്യര്‍ത്ഥിച്ചത്. മത്സരത്തില്‍ പങ്കെടുക്കാനാവശ്യമായ പണം അനുവദിക്കണമെന്ന് മന്ത്രി ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. തുക അപ്പോള്‍ തന്നെ അനുവദിക്കുകയും ചെയ്തു.

ദുര്‍ബ്ബലവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടരുത്. അവര്‍ക്ക് കൈത്താങ്ങാവുക എന്നതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ലക്ഷ്യം. ഓരോ ചെറിയ സഹായവും അവരുടെ ജീവിതം രൂപപ്പെടുത്തുന്നതിനുള്ള അത്താണിയാണ്. ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷ സര്‍ക്കാര്‍ പണം അനുവദിച്ചതെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു.

കഴിഞ്ഞ എല്‍ഡിഎഫ് സര്ക്കാരിന്റെ അവസാന കാലത്താണ് സയോണ എന്ന സൈക്കിള്‍ താരത്തിന്റെ കഷ്ടപ്പാട് സമാനമായ രീതിയില്‍ ശ്രദ്ധയില്‍പ്പെട്ടു. അടിയന്തിര നടപടിക്കും സഹായത്തിനും അന്ന് തന്നെ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം ആ ഫയലില്‍ നീക്കുപോക്കുണ്ടാക്കിയില്ല.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രി ആദ്യം അന്വേഷിച്ചത് സയോണയുടെ ഫയലായിരുന്നു. സയോണയ്ക്ക് അവളുടെ ആഗ്രഹപ്രകാരം സൈക്കിള്‍ നല്‍കാനായി. അഭിരാമിയെയും സയോണയെയും പോലെയുള്ള പ്രതിഭകള്‍ക്ക് താങ്ങും തണലുമാണ് ഈ സര്‍ക്കാര്‍ എന്നും മന്ത്രി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

അഭിരാമിയുടെ സ്വര്‍ണ്ണ നേട്ടം സ്‌കൂള്‍ പ്രിന്‍സിപ്പലാണ് മന്ത്രിയെ അറിയിച്ചത്. ‘അങ്ങയുടെ വകുപ്പില്‍ നിന്നും അഭിരാമി എന്ന കുട്ടിക്ക് പവര്‍ ലിഫ്റ്റിംഗ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞമാസം ധനസഹായം അനുവദിച്ചത് ഓര്‍മ്മിക്കുന്നുണ്ടാവുമല്ലോ. ആ കുട്ടി സ്വര്‍ണ്ണമെഡല്‍ നേടിയിരിക്കുന്നു. അങ്ങയുടെ വകുപ്പില്‍ നിന്നും ചെയ്തു തന്ന എല്ലാ സഹായത്തിനും അകമഴിഞ്ഞ നന്ദി അറിയിക്കട്ടെ.’ – ഇതായിരുന്നു കത്തിലെ ഉള്ളടക്കം.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here