കൊച്ചി മെട്രോയുടെ പരീക്ഷണ സര്‍വീസുകള്‍ക്ക് ഇന്ന് ആരംഭം; ആറു ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത് രാവിലെ ആറുമുതല്‍ രാത്രി 9.30 വരെ

കൊച്ചി: യാത്രാനുമതി ലഭിച്ച കൊച്ചി മെട്രോയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസുകള്‍ ഇന്ന് തുടങ്ങും. രാവിലെ ആറുമുതല്‍ രാത്രി 9.30 വരെയാണ് ട്രെയിനുകള്‍ ഓടുക. യഥാര്‍ഥ സര്‍വീസിന്റെ സാങ്കേതികസംവിധാനങ്ങളെല്ലാം ഉപയോഗിച്ച്, സമയക്രമം തയ്യാറാക്കി ഓരോ സ്റ്റേഷനുകളിലും നിര്‍ത്തേണ്ട സമയം പാലിച്ചായിരിക്കും പരീക്ഷണ അടിസ്ഥാനത്തിലുള്ള സര്‍വീസ് എന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ച നാലു ട്രെയിനുകളാണ് സര്‍വീസിന് ഉപയോഗിക്കുക. വ്യാഴാഴ്ച മുതല്‍ ആറു ട്രെയിന്‍ വീതമാക്കും. കുറഞ്ഞത് ഒരാഴ്ച മുതല്‍ 10 ദിവസംവരെ സര്‍വീസ് ട്രയല്‍ നടത്തും.

കഴിഞ്ഞയാഴ്ചയാണ് സിഎംആര്‍എസിന്റെ അന്തിമ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായത്. അനുമതിക്കൊപ്പം നല്‍കിയ റിപ്പോര്‍ട്ടില്‍ ചില നിര്‍ദേശങ്ങളുമുണ്ട്. ടെലി കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് അധികമായി നടത്തേണ്ട കാര്യങ്ങളാണ് പ്രധാനമായും റിപ്പോര്‍ട്ടിലുള്ളത്. ഡിസ്പ്ല ബോര്‍ഡുകള്‍ അടക്കമുള്ള പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനങ്ങളിലും ചിലതു ചെയ്യേണ്ടതുണ്ട്. ഇവ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്നും കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു.

ആലുവ മുതല്‍ പാലാരിവട്ടംവരെയുള്ള 13 കിലോമീറ്റര്‍ വരുന്ന കൊച്ചി മെട്രോയുടെ ആദ്യഘട്ട പാതയില്‍ 11 സ്റ്റേഷനുകളാണുള്ളത്. സ്റ്റേഷനുകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞെന്നും ഇതുമായി ബന്ധപ്പെട്ടു ശേഷിക്കുന്ന അനുബന്ധ ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്നും നിര്‍മാണച്ചുമതല വഹിക്കുന്ന ഡിഎംആര്‍സി അധികൃതര്‍ വ്യക്തമാക്കി.

കൊച്ചി മെട്രോയുടെ ഡിസൈന്‍ കണ്‍സള്‍ട്ടന്റായ ടാറ്റ എലക്‌സിയുടെ പ്രതിനിധികളും കെഎംആര്‍എല്‍ പ്രതിനിധികളും സംയുക്തമായി ചൊവ്വാഴ്ച ആലുവ മുതലുള്ള മെട്രോ സ്റ്റേഷനുകള്‍ പരിശോധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News