സിബിഎസ്ഇ പരസ്യമായി മാപ്പുപറയണമെന്ന് കോടിയേരി; ‘ഡ്രസ്‌കോഡ് അടിച്ചേല്‍പ്പിക്കുന്ന സംഘ്പരിവാര്‍ രീതി സിബിഎസ്ഇക്ക് ഭൂഷണമല്ല’

തിരുവനന്തപുരം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രമുരിഞ്ഞ് പരിശോധിച്ചതില്‍ സിബിഎസ്ഇ ഇന്ത്യന്‍ ജനതയോട് പരസ്യമായി മാപ്പുപറയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ വിഷയത്തില്‍ ഖേദപ്രകടനവും സ്‌കൂള്‍ അധികൃതരെക്കൊണ്ട് മാപ്പു പറയിപ്പിക്കലും മാത്രം പോരെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

സിബിഎസ്ഇ കേന്ദ്രസര്‍ക്കാരിന്റെ മാനവശേഷിവിഭവ വകുപ്പിന് കീഴിലുള്ള സംവിധാനമാണ്. ഡ്രസ്‌കോഡ് അടിച്ചേല്‍പ്പിക്കുന്ന സംഘ്പരിവാര്‍ രീതി സിബിഎസ്ഇക്ക് ഭൂഷണമല്ല. കുറച്ചുനാള്‍ മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയില്‍ കേരളത്തിലെ ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ ശിരോവസ്ത്രം അഴിച്ചുമാറ്റിയ സംഭവവും ഈ വിഷയവുമായുള്ള സാദൃശ്യം യാദൃച്ഛികമല്ല.

പരീക്ഷ എഴുതാന്‍വന്ന പെണ്‍കുട്ടികളുടെ അടിവസ്ത്രം വരെ ഊരിമാറ്റിയും ചുരിദാര്‍ ടോപ്പിന്റെയും ഷര്‍ട്ടിന്റെയും കൈകള്‍ മുട്ടുവരെ മുറിച്ചുനീക്കിയും രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് ചില സ്‌കൂള്‍ അധികൃതര്‍ പ്രകടിപ്പിച്ചത്. ‘ഏകരാഷ്ട്രം ഏകസംസ്‌കാരം’ എന്ന ആര്‍എസ്എസ് അജണ്ടയാണ് ഡ്രസ്‌കോഡ് അടിച്ചേല്‍പ്പിക്കുന്നത് പോലുള്ള വിചിത്രമായ മാനദണ്ഡങ്ങള്‍ക്കു പിന്നില്‍. ഇത് പരിഷ്‌കൃത സമൂഹത്തിനാകെ അപമാനമാണെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News