ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കിയ നോവലിന്റെ പ്രകാശനത്തിന് വേദി നിഷേധിച്ചു; കോളേജില്‍ പ്രകാശനം നടത്തിയാല്‍ പെണ്‍കുട്ടികള്‍ വഴി തെറ്റുമെന്ന് സെന്റ് തെരേസാസ് പ്രിന്‍സിപ്പല്‍

കൊച്ചി: ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കിയതിനാല്‍ നോവലിന്റെ പ്രകാശനത്തിന് വേദി നിഷേധിക്കപ്പെട്ടു. മാധ്യമ പ്രവര്‍ത്തക ശ്രീപാര്‍വ്വതിക്കാണ് ഈ ദുരനുഭവം. കൊച്ചിയിലെ പ്രമുഖ വനിതാ കോളേജായ സെന്റ് തെരേസാസ് മാനേജ്‌മെന്റാണ് പുസ്തക പ്രകാശന ചടങ്ങിന് കേവലം മൂന്നു ദിവസം മുന്‍പ് വേദി നിഷേധിച്ചിരിക്കുന്നത്.

സ്വവര്‍ഗ്ഗാനുരാഗികളായ പെണ്‍കുട്ടികളുടെ വികാരവും വിചാരവും ആത്മസംഘര്‍ഷങ്ങളും ഒപ്പിയെടുക്കുന്നതാണ് ശ്രീപാര്‍വ്വതിയുടെ പ്രഥമ നോവല്‍. മീനുകള്‍ ചുംബിക്കുന്നു എന്ന് പേരിട്ടിരിക്കുന്ന നോവലിന്റെ സൂചക വാക്യം തന്നെ പെണ്‍പ്രണയത്തിന്റെ കടലാഴങ്ങളിലൂടെയൊരു സഞ്ചാരം എന്നാണ്. അതിനാല്‍ വനിതാ കലാലയത്തിന്റെ അങ്കണമായിരിക്കണം പ്രകാശന വേദി എന്ന ആഗ്രഹം സെന്റ് തെരേസാസ് കോളേജ് മാനേജ്‌മെന്റിനെ അറിയിച്ചു. ഈ മാസം 14ന് കോളേജില്‍ വച്ച് പ്രകാശനം നടത്താന്‍ പ്രിന്‍സിപ്പല്‍ സമ്മതം മൂളിയതിനെ തുടര്‍ന്ന് ബ്രോഷര്‍ അച്ചടിക്കുകയും അതിഥികളെ ക്ഷണിക്കുകയും ചെയ്തു.

എന്നാല്‍ ലെസ്ബിയന്‍ പ്രണയത്തിന്റെ കഥ പറയുന്ന പുസ്തകം അവിടെ വച്ച് പ്രകാശനം ചെയ്താല്‍ പെണ്‍കുട്ടികള്‍ വഴി തെറ്റുമെന്ന് ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ പെട്ടന്ന് നിലപാട് മാറ്റുകയായിരുന്നുവെന്ന് ശ്രീപാര്‍വ്വതി പറഞ്ഞു. സ്വവര്‍ഗ്ഗാനുരാഗികളോടു മാത്രമല്ല, സമൂഹത്തിന്റെ അയിത്തം, അവരെക്കുറിച്ചെഴുതുന്നോര്‍ക്കും അയിത്തം കല്പിക്കപ്പെട്ടിരിക്കുന്നുവെന്നും ശ്രീപാര്‍വ്വതി പറഞ്ഞു.

അവസാന നിമിഷം കോളേജ് മാനേജ്‌മെന്റ് കാലുമാറിയതിനാല്‍ ശ്രീപാര്‍വ്വതിയും സുഹൃത്തുക്കളും പ്രകാശനത്തിന് മറ്റൊരു വേദി കണ്ടെത്തി. നിശ്ചയിച്ച ദിവസം അതേ സമയത്ത് കോളേജിന് തൊട്ടടുത്തുള്ള ചില്‍ഡ്രന്‍സ് തിയേറ്ററില്‍ ചടങ്ങ് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News