അക്ബര്‍ ചക്രവര്‍ത്തിയെയും ചരിത്രത്തെയും ചോദ്യംചെയ്ത് രാജ്‌നാഥ് സിംഗ്; എന്തുകൊണ്ട് അക്ബറെ ‘മഹാനായ അക്ബര്‍’ എന്നു വിളിക്കുന്നു?

ദില്ലി: അക്ബര്‍ ചക്രവര്‍ത്തിയെയും ചരിത്രകാരന്‍മാരെയും വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. രാജസ്ഥാനിലെ പാലിയില്‍ മഹാറാണാ പ്രതാപിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് രാജ്‌നാഥ് സിംഗ് അക്ബറെയും ചരിത്രത്തെയും ചോദ്യം ചെയ്തത്. എന്തുകൊണ്ട് അക്ബറെ ‘മഹാനായ അക്ബര്‍’ എന്നു വിളിക്കുന്നെന്നാണ് രാജ്‌നാഥ് സിംഗിന്റെ ചോദ്യം.

റാണാ പ്രതാപിനെ പുകഴ്ത്തുന്നതിനിടെയായിരുന്നു അക്ബര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍. ‘സ്വാതന്ത്ര്യത്തിനും സ്വാഭിമാനത്തിനും വേണ്ടി പൊരുതിയത് മഹാറാണാ പ്രതാപാണ്. അക്ബറോട് ഒരിക്കലും കീഴടങ്ങാത്തയാള്‍. പക്ഷേ, എന്തുകൊണ്ട് നമ്മുടെ ചരിത്രകാരന്മാര്‍ അക്ബറെ മഹാനായി ചിത്രീകരിക്കുന്നു. പ്രതാപിനെ അങ്ങനെ കാണുന്നില്ല? പ്രതാപില്‍ എന്തു പോരായ്മയാണ് അവര്‍ കാണുന്നത്?’ രാജ്‌നാഥ് സിംഗ് ചോദിക്കുന്നു.

ഈ മണ്ടത്തരം തിരുത്തണമെന്നും പ്രതാപിന് അര്‍ഹിക്കുന്ന പദവി കൊടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രതാപാണ് പലരിലും സ്വാതന്ത്ര്യമോഹം ജനിപ്പിച്ചതെന്നും അങ്ങനെയാണ് ഇന്ത്യ 1947ല്‍ സ്വാതന്ത്ര്യം നേടിയതെന്നും രാജ് നാഥ് സിംഗ് അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here