കുല്‍ഭൂഷണ്‍ ജാദവ് കേസ്; അന്താരാഷ്ട്ര കോടതിയില്‍ തിങ്കളാഴ്ച വാദം ആരംഭിക്കും; ഇന്ത്യയ്ക്കു വേണ്ടി ഹരീഷ് സാല്‍വെ ഹാജരാകും

ദില്ലി: പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ തിങ്കളാഴ്ച വാദം തുടങ്ങും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഇന്ത്യയ്ക്കു വേണ്ടി ഹാജരാകും. അതേസമയം, വിഷയത്തില്‍ പാകിസ്ഥാന്‍ വിയന്ന കണ്‍വെന്‍ഷന്‍ ഉടമ്പടി ലംഘിച്ചുവെന്ന് ഇന്ത്യ ആരോപിച്ചു. കുല്‍ഭൂഷന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിശദാംശങ്ങള്‍ പാകിസ്ഥാന്‍ നല്‍കുന്നില്ലെന്നും ഇന്ത്യ പറഞ്ഞു

ജാദവിന്റെ ശിക്ഷ നടപ്പാക്കുന്നത് കോടതി സ്‌റ്റേ ചെയ്തിരുന്നു. വധശിക്ഷ താത്കാലികമായി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കത്തയയ്ക്കുകയും ചെയ്തിരുന്നു. വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഇന്ത്യയുടെ ഹര്‍ജി പരിഗണിച്ചാണ് നടപടി. പാക് നടപടി വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്ന ഇന്ത്യയുടെ വാദം കോടതി ശരിവച്ചു.

കുല്‍ഭൂഷണുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കണമെന്ന് മുമ്പ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ പരിഗണിച്ചില്ല. വിദേശകാര്യമന്ത്രാലയം പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ തേടി. എന്നാല്‍ വിവരങ്ങള്‍ കൈമാറാനോ നിയമസഹായം നല്‍കാനോ പാകിസ്ഥാന്‍ തയ്യാറായില്ല.

കുല്‍ഭൂഷണിനെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും വ്യക്തമല്ല. കൃത്യമായ വിചാരണക്കുശേഷമാണ് കുല്‍ഭൂഷണ് വധശിക്ഷ വിധിച്ചതെന്നായിരുന്നു ആദ്യം പാകിസ്താന്‍ പ്രതികരിച്ചത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടങ്കിലും പാകിസ്ഥാന്‍ നല്‍കിയില്ല. തുടര്‍ന്നാണ് വിചാരണയുടെ വിശദാംശങ്ങള്‍ കോണ്‍സുലേറ്റ് വഴി ചോദിച്ചത്. ഇതിന്റെ വിവരങ്ങള്‍ നല്‍കണമെന്ന ആവശ്യവും പാകിസ്ഥാന്‍ അവഗണിച്ചു.

കുല്‍ഭൂഷണ്‍ നിരപരാധിയാണെന്നും മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരമാണ് അദ്ദേഹത്തിന് വധശിക്ഷ നല്‍കുന്നതെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here