വടക്കന്‍ കേരളം വിനോദസഞ്ചാര വികസനക്കുതിപ്പിലേക്ക്; മലനാട് – മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

തിരുവനന്തപുരം : കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള മലനാട് മലബാര്‍ ക്രൂസ് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. വടക്കന്‍ കേരളത്തിലെ ടൂറിസം വികസനത്തിലെ നാഴികക്കല്ലാകുന്നതാണ് പദ്ധതി. മലബാര്‍ ക്രൂസ് ടൂറിസം പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായി മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു.

അടുത്ത വര്‍ഷം ആദ്യം പദ്ധതി നാടിന് സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 300 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്. പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും ബോട്ട് ജെട്ടികള്‍, പുഴയോര നടപ്പാത എന്നിവ നിര്‍മിക്കുന്നതിന് 15 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വളപട്ടണം, കുപ്പം, പെരുമ്പ, അഞ്ചരകണ്ടി, മാഹി, തലശ്ശേരി, നീലേശ്വരം, തേജസ്വിനി, വിലയ, പറമ്പാതടാകം, ചന്ദ്രഗിരി എന്നീ ജലാശയങ്ങള്‍ ടൂറിസത്തിന്റെ ഭാഗമായി പരിചയപ്പെടുത്തും. അവിടുത്തെ കലാരൂപങ്ങളും, പ്രകൃതി വിഭവങ്ങളുമെല്ലാം നദീതട ടൂറിസം പദ്ധതിയുടെ ഭാഗമാവും.

നദികളിലൂടെ 197 കിലോമീറ്റര്‍ ബോട്ട് യാത്ര ചെയ്ത് ഓരോ തീരത്തും ആ പ്രദേശത്തിന്റെ സവിശേഷതയോടെ സഞ്ചാരികളെ സ്വീകരിക്കുന്നതാണ് പദ്ധതി. സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഈ പദ്ധതിയുടെ വിശദമായ രേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. മുസിരിസ് മാതൃകയില്‍ ആധുനിക സൗകര്യങ്ങളുള്ള വിനോദസഞ്ചാര ബോട്ടുകള്‍ മലബാര്‍ ക്രൂസ് പദ്ധതിയില്‍ ഉപയോഗിക്കും.

മലിനീകരണം ഒഴിവാക്കുന്നതിന് ബയോ ടോയ്‌ലറ്റുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. വിനോദസഞ്ചാരികള്‍ക്ക് ഹോം സ്റ്റേ സൗകര്യം ഒരുക്കുന്നതിനും മറ്റുമായി തദ്ദേശവാസികള്‍ക്ക് കിറ്റ്‌സ് പരിശീലനം നല്‍കും. ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങളെന്ന നിലയില്‍ മൂന്ന് ദ്വീപുകളെ മലബാര്‍ ക്രൂസ് പദ്ധതിയുടെ ഭാഗമാക്കും.

സുല്‍ത്താന്‍ കനാലിന്റെ ആഴം കൂട്ടുന്നതിന് ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ് പുനരുദ്ധാരണ പദ്ധതി നടപ്പാക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. നിയമസഭാ സമുച്ചയത്തിലാണ് പദ്ധതി അവലോകനയോഗം ചേര്‍ന്നത്.

മലബാര്‍ ക്രൂസ് പദ്ധതി മേഖലയിലെ എംഎല്‍എമാരായ ജയിംസ് മാത്യു, ടി.വി രാജേഷ്, എം രാജഗോപാല്‍, സി കൃഷ്ണന്‍, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു ഐഎഎസ്, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഐഎഎസ് തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here