അത്ഭുത ജയം തേടി അത്‌ലറ്റിക്കോ; കിരീടപോരാട്ടത്തില്‍ കണ്ണുവെച്ച് റയല്‍; ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിപോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം

ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയ റയല്‍ മാഡ്രിഡ് ആദ്യ പാദത്തിലെ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബൂട്ടുകെട്ടുന്നത്. കലാശക്കളി ലക്ഷ്യമിട്ട് മുന്നേറുന്ന ക്രിസ്റ്റിയാനോയ്ക്കും സംഘത്തിനും മുന്നില്‍ സ്വന്തം മണ്ണില്‍ അവിശ്വസനീയ ജയം നേടാന്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് സാധിക്കുമോയെന്നറിയാനാണ് കാല്‍പന്തുലോകം ഉറ്റുനോക്കുന്നത്

ആദ്യപാദത്തിലെ 30ന്റെ ജയവുമായാണ് റയലിന്റെ വരവ്. വിസെന്റ കാല്‍ഡെറോണില്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കാര്‍ഡിഫിലെ കിരീടപ്പോരാട്ടത്തിന് റയല്‍ ഉണ്ടാകും. കാല്‍പന്തുലോകത്തെ ആവേശപോരാട്ടമാണ് മാഡ്രിഡി അയല്‍ക്കാരുടെ ഏറ്റുമുട്ടല്‍. ചാമ്പ്യന്‍സ് ലീഗില്‍ റയലിന് മുന്നില്‍ മുട്ടിടിക്കുമെന്ന പേരുദോഷം സിമിയോണിക്കും സംഘത്തിനും ഇനിയും തിരുത്താനായിട്ടില്ല

ചാമ്പ്യന്‍സ് ലീഗില്‍ റയലിനെതിരെ നാല് തുടര്‍തോല്‍വികളാണ് അത്‌ലറ്റിക്കോയുടെ അക്കൗണ്ടിലുള്ളത്. ആദ്യപാദസെമിയിലെ മൂന്ന് ഗോള്‍ തോല്‍വിയും ഇതിലുള്‍പ്പെടും. പക്ഷേ, സ്പാനിഷ് ലീഗില്‍ അവസാനമായി എട്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഒരിക്കല്‍ മാത്രമാണ് റയലിന് ജയിക്കാന്‍ കഴിഞ്ഞത്. ചരിത്രത്തില്‍ റയലും അത്‌ലറ്റികോയും വിശ്വസിക്കുന്നില്ല

സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വേഗതയ്ക്കും കുതിപ്പിനും മുന്നിലാണ് അത്‌ലറ്റികോയ്ക്ക് പിഴച്ചത്. ഒന്നിനു പിന്നാലെ ഒന്നായി മൂന്ന് തവണയാണ് സുവര്‍ണതാരം വലകുലുക്കിയത്. യൂറോപ്പിലെ മികച്ച പ്രതിരോധ നിരകളിലൊന്നാണ് അത്‌ലറ്റികോയുടേത്. പക്ഷേ, ചാമ്പ്യന്‍സ് ലീഗിലെ റയല്‍പേടിയില്‍ അത് തകര്‍ന്നുവീണു. 2014ലും 2016ലും റയല്‍ തന്നെയാണ് ദ്യേഗോ സിമിയോണിയുടെ സംഘത്തിന്റെ കിരീട സ്വപ്നങ്ങളെ ഇല്ലാതാക്കിയത്

എന്നാല്‍ ഇന്ന് രാത്രി സ്വന്തം മൈതാനത്ത് അത്ഭുതം പിറക്കുമെന്ന വിശ്വാസത്തിലാണ് അത്‌ലറ്റിക്കോയുടെ പോരാളികളും ആരാധകരും. കടുത്ത മത്സരമാണെങ്കിലും അസാധ്യമല്ല റയലിനെ വീഴ്ത്തി കലാശക്കളിക്കുള്ള ടിക്കറ്റ് സ്വന്തമാക്കുകയെന്നാണ് സിമിയോണി വ്യക്തമാക്കുന്നത്. അത്‌ലറ്റികോ നിരയില്‍ പ്രതിരോധക്കാരന്‍ ഹോസെ ജിമിനെസ് തിരിച്ചെത്തും. പക്ഷേ, യുവാന്‍ഫ്രാനും സിമെ വ്രാസലികോയും ഇന്നും കളിക്കാനിടയില്ല. ഇരുവരുടെയും അഭാവം ആദ്യപാദത്തില്‍ അത്‌ലറ്റികോയ കാര്യമായി ബാധിച്ചിരുന്നു
പ്രകടനത്തില്‍ പൂര്‍ണത കണ്ടെത്താന്‍ കഴിയുന്നില്ലെങ്കിലും റയലിന് ഈ സീസണ്‍ മികച്ചതാണ്. സ്പാനിഷ് ലീഗില്‍ ബാഴ്‌സയാണ് മുന്നിലെങ്കിലും ഒരു മത്സരം കുറച്ച് കളിച്ചതിന്റെ ആനുകൂല്യം സിദാനും സംഘത്തിനുമുണ്ട്. ശേഷിക്കുന്ന മൂന്ന് കളിയും ജയിച്ചാല്‍ കിരീടം ഉറപ്പ്. ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെ കെട്ടുകെട്ടിച്ചത് അനായാസമായിരുന്നു. റൊണാള്‍ഡോയ്‌ക്കൊപ്പം ജെയിംസ് റോഡ്രിഗസും അല്‍വാരോ മൊറാട്ടയും ഇസ്‌കോയും തിളങ്ങുന്നത് റയലിന് കരുത്താണ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News