ആന്റണിയുടെ പകല്‍ക്കിനാവ് | എസ് രാമചന്ദ്രന്‍പിള്ള

രാഷ്ട്രീയ സ്വയംസേവക് സംഘം നയിക്കുന്ന ബിജെപിയെ ഒരു സാധാരണ ബൂര്‍ഷ്വ- ഭൂപ്രഭു രാഷ്ട്രീയകക്ഷിയായിമാത്രം കാണാനാകില്ല. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം ഉയര്‍ത്തുന്ന അപകടങ്ങള്‍ വളരെ വലുതാണ്. ജനവിരുദ്ധ നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ ആക്രമണോത്സുകതയോടെ നടപ്പാക്കുന്നതോടൊപ്പം രാഷ്ട്രീയ സ്വയംസേവക്സംഘം നയിക്കുന്ന ഹിന്ദുത്വശക്തികള്‍ തങ്ങളുടെ വര്‍ഗീയപരിപാടികള്‍ പൂര്‍ണതോതില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഉത്സാഹപൂര്‍വം ശ്രമിക്കുന്നു. ജനാധിപത്യ അവകാശങ്ങളും പൌരാവകാശങ്ങളും നിഷേധിച്ച് നരേന്ദ്ര മോഡിയുടെ ഭരണം അമിതാധികാരസ്വഭാവം പ്രകടിപ്പിക്കുന്നു. ഇന്ത്യയെ അമേരിക്കന്‍ ഐക്യനാടുകളുടെ കീഴാളസഖിയാക്കി മാറ്റിത്തീര്‍ത്തിരിക്കുകയുമാണ്.

ഈ സാഹചര്യത്തിലാണ് മോഡി ഭരണം ഉയര്‍ത്തുന്ന ഭീഷണികളില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ 2004-14 കാലത്ത് നിലവിലുണ്ടായിരുന്ന യുപിഎ എന്ന രാഷ്ട്രീയസഖ്യത്തിന്റെ പരിഷ്കരിച്ച ഒരു മാതൃക സൃഷ്ടിക്കേണ്ടതാവശ്യമാണെന്ന് ചിലര്‍ കരുതുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചില പ്രാദേശികകക്ഷികളെ ഉള്‍പ്പെടുത്തി രാഷ്ട്രീയകക്ഷികളുടെ ഒരു സഖ്യം രൂപീകരിക്കണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

സോണിയ ഗാന്ധിക്ക് സിപിഐഎം പ്രവര്‍ത്തകര്‍ ജയ് വിളിക്കുന്നകാലം വിദൂരമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പകല്‍ക്കിനാവ് കണ്ടത് ഇത്തരമൊരു പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ്. കോണ്‍ഗ്രസും ചില പ്രാദേശിക രാഷ്ട്രീയകക്ഷികളും തമ്മില്‍ രാഷ്ട്രീയസഖ്യം ഉണ്ടാക്കിയതുകൊണ്ടുമാത്രം ആര്‍എസ്എസ് നയിക്കുന്ന ബിജെപിയുടെ ഭരണം സൃഷ്ടിക്കുന്ന വിപത്തുകളെ നേരിടാനാകുമെന്ന് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി കരുതുന്നില്ല.

കോണ്‍ഗ്രസും പ്രാദേശിക രാഷ്ട്രീയകക്ഷികളും ഒരുമിച്ചുചേര്‍ന്ന് 2004ല്‍ യുപിഎ രൂപീകരിച്ചത് ബിജെപിയെ തടയുന്നതിനായിരുന്നു. 2004 മുതലുള്ള യുപിഎയുടെ ഒന്നാംഘട്ടത്തില്‍ ഇടതുകക്ഷികളും പിന്തുണ നല്‍കി. ഇടതുകക്ഷികളുടെ ഇടപെടലുകളുടെ ഫലമായി യുപിഎ അംഗീകരിച്ച പൊതുമിനിമം പരിപാടിയില്‍ ജനക്ഷേമത്തിനുതകുന്ന പല പദ്ധതികളും ഉള്‍പ്പെടുത്തിയിരുന്നു. ചിലതെല്ലാം നടപ്പാക്കാനും യുപിഎ നിര്‍ബന്ധിതരായി. ബിജെപിയെ തടയുന്നതിന് നിശ്ചയദാര്‍ഢ്യത്തോടെ നീങ്ങുന്നതിനുപകരം നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ നടപ്പാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

യുഎസ്എയുടെ കീഴാളസഖിയായി ഇന്ത്യയെ മാറ്റിത്തീര്‍ക്കാനും നടപടികളെടുത്തു. ഈ സാഹചര്യത്തിലാണ് ഇടതുകക്ഷികള്‍ യുപിഎക്ക് നല്‍കിവന്ന പിന്തുണ 2008ല്‍ പിന്‍വലിച്ചത്. ജനവിരുദ്ധ സാമ്പത്തികനയങ്ങള്‍ നടപ്പാക്കിയതിന്റെ ഫലമായുണ്ടായ ജനങ്ങളുടെ പ്രയാസങ്ങളും യുപിഎ ഭരണകാലത്തുണ്ടായ അഴിമതിയോടുള്ള അസംതൃപ്തിയുമാണ് 2014ല്‍ ബിജെപിക്ക് അധികാരത്തിലെത്താന്‍ അവസരം സൃഷ്ടിച്ചത്. അതോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന പത്തുകൊല്ലത്തെ യുപിഎ ഭരണവും അവസാനിച്ചു. എന്നാല്‍, അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. ജനവിരുദ്ധനയങ്ങള്‍ തിരുത്താന്‍ കോണ്‍ഗ്രസ് മുന്നോട്ടുവരുന്നില്ല. നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ നടപ്പാക്കാന്‍ മോഡി ഭരണത്തിന് നിര്‍ണായക സന്ദര്‍ഭങ്ങളില്‍ കോണ്‍ഗ്രസാണ് പിന്തുണ നല്‍കിയത്.

തത്വാധിഷ്ഠിതനിലപാട് സ്വീകരിച്ച് ബിജെപിയുടെ ഹിന്ദുത്വപദ്ധതികളെ എതിര്‍ക്കാനും കോണ്‍ഗ്രസിന് മടിയാണ്. ഇവയെല്ലാം കണക്കിലെടുത്താണ് എതിര്‍പ്പിന്റെ മുഖ്യലക്ഷ്യം ബിജെപിയാണെങ്കിലും കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് തുടരുമെന്ന് വിശാഖപട്ടണത്ത് ചേര്‍ന്ന പാര്‍ടിയുടെ 21-ാം കോണ്‍ഗ്രസ് നിശ്ചയിച്ചത്. കോണ്‍ഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പുസഖ്യമോ ഉണ്ടാക്കില്ലെന്നും പാര്‍ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

ബൂര്‍ഷ്വ- ഭൂപ്രഭുവര്‍ഗത്തിന്റെ മുഖ്യ രാഷ്ട്രീയകക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെടാന്‍ തുടങ്ങിയത് 1960കളിലാണ്. അതേത്തുടര്‍ന്ന് ബൂര്‍ഷ്വ- ഭൂപ്രഭു രാഷ്ട്രീയകക്ഷികളുടെ രണ്ട് സഖ്യം ഇന്ത്യയില്‍ നിലവില്‍വന്നു. ഈ രണ്ട് സഖ്യത്തില്‍ ഏതെങ്കിലും ഒരു സഖ്യത്തെ തെരഞ്ഞെടുക്കാന്‍മാത്രം കഴിയുന്ന സ്ഥിതി സൃഷ്ടിച്ചുകൊണ്ട് ബൂര്‍ഷ്വ- ഭൂപ്രഭുവര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. ഇപ്പോഴത്തെ സ്ഥിതി തുടരുന്നത് തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, കൃഷിക്കാര്‍, ഇടത്തരക്കാര്‍ തുടങ്ങി അധ്വാനിക്കുന്ന സാമാന്യജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് അപകടമാണ്. ഈ രണ്ട് സഖ്യവും അധ്വാനിക്കുന്ന ജനങ്ങളെ ചൂഷണംചെയ്യുന്ന മുതലാളിത്തവ്യവസ്ഥയുടെ നടത്തിപ്പുകാരാണ്.

1990കള്‍ക്കുശേഷം ഇന്ത്യയിലെ ബൂര്‍ഷ്വ- ഭൂപ്രഭു രാഷ്ട്രീയകക്ഷികളാകെ ജനവിരുദ്ധ നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ നടപ്പാക്കുന്നതില്‍ പ്രതിജ്ഞാബദ്ധരുമാണ്. ഇടതുജനാധിപത്യശക്തികള്‍ അധികാരത്തിലെത്തി ബദല്‍നയങ്ങള്‍ നടപ്പാക്കുമ്പോള്‍മാത്രമാണ് സാമാന്യജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്. അപ്പോഴാണ് സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുന്നതും. ബൂര്‍ഷ്വ- ഭൂപ്രഭുവര്‍ഗ രാഷ്ട്രീയകക്ഷികളുടെ തടവറയില്‍നിന്ന് രാഷ്ട്രീയത്തെ മോചിപ്പിക്കുകയെന്നത് രാജ്യത്തിന്റെ മുന്നിലെ മുഖ്യ ആവശ്യമാണ്. ബൂര്‍ഷ്വ- ഭൂപ്രഭുവ്യവസ്ഥ തുടരുന്നിടത്തോളംകാലം വര്‍ഗീയതയുടെയും അമിതാധികാരത്തിന്റെയും വിപത്ത് നിലനില്‍ക്കും.

തങ്ങളുടെ വര്‍ഗാധിപത്യം നിലനിര്‍ത്താന്‍ ബൂര്‍ഷ്വ- ഭൂപ്രഭുവര്‍ഗം ഉപയോഗിക്കുന്ന ഉപകരണങ്ങളാണവ. ബൂര്‍ഷ്വ- ഭൂപ്രഭുവര്‍ഗാധിപത്യം അവസാനിപ്പിച്ചാല്‍മാത്രമേ വര്‍ഗീയതയുടെയും അമിതാധികാരത്തിന്റെയും വിപത്തുകളില്‍നിന്ന് മോചനം നേടാനാകൂ.

ബൂര്‍ഷ്വ- ഭൂപ്രഭുവര്‍ഗങ്ങളുടെ രാഷ്ട്രീയകക്ഷികള്‍ക്കെതിരെ എല്ലാ ഇടതുജനാധിപത്യശക്തികളെയും അണിനിരത്താനാണ് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി ശ്രമിക്കുന്നത്. ഇന്നത്തെ സ്ഥിതിഗതികളില്‍ ഇടതുകക്ഷികളുടെ യോജിപ്പിന് വലിയ പ്രാധാന്യമുണ്ട്. അടുത്തകാലത്ത് സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ളോക്ക്, സിപിഐ (എംഎല്‍), എസ്യുസിഐ(സി) എന്നീ ഇടതുകക്ഷികള്‍ ഒരുമിച്ചുചേര്‍ന്ന് ബഹുജന ആവശ്യങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ ഇടതുകക്ഷികളും ഗ്രൂപ്പുകളും വ്യക്തികളുമുണ്ട്. ഇവരെയാകെ കൂട്ടിയോജിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഇടതുകക്ഷികളുടെ യോജിപ്പ് ശക്തിപ്പെടുത്തുന്നതിന് പ്രയാസം സൃഷ്ടിച്ച ചില സംഭവങ്ങള്‍ അടുത്തകാലത്തുണ്ടായി.

ആര്‍എസ്പിയുടെയും ഫോര്‍വേഡ് ബ്ളോക്കിന്റെയും കേരളത്തിലെ ഘടകങ്ങള്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ ഭാഗമായി. ആര്‍എസ്പിയുടെയും ഫോര്‍വേര്‍ഡ് ബ്ളോക്കിന്റെയും കേരളത്തിലെ ഘടകങ്ങളെ ഒഴിവാക്കി അവയുടെ അഖിലേന്ത്യാ നേതൃത്വവും മറ്റ് സംസ്ഥാന ഘടകങ്ങളുമായി സഹകരിച്ച് ഇടതുപക്ഷയോജിപ്പ് വളര്‍ത്താനുതകുന്ന പ്രായോഗിക സമീപനമാണ് സ്വീകരിച്ചുപോരുന്നത്.

ആര്‍എസ്പിയുടെയും ഫോര്‍വേര്‍ഡ് ബ്ളോക്കിന്റെയും കേരളത്തിലെ ഘടകങ്ങള്‍ സ്വീകരിക്കുന്ന യുഡിഎഫ് അനുകൂല നിലപാട് തിരുത്തി ഇടതുകക്ഷികളുടെ യോജിപ്പ് ശക്തിപ്പെടുത്താന്‍ ഉപകരിക്കുന്ന സമീപനം ഉണ്ടാകുമെന്ന് സിപിഐ എം പ്രതീക്ഷിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഇടതുകക്ഷികളും ഗ്രൂപ്പുകളും വ്യക്തികളുമായുള്ള യോജിപ്പും വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.

ബൂര്‍ഷ്വ- ഭൂപ്രഭുവര്‍ഗ നിലപാടുകള്‍ക്ക് ബദലായ നിലപാടുകളുയര്‍ത്തി ഇടതുജനാധിപത്യശക്തികള്‍ക്ക് അനുകൂലമായി ജനങ്ങളെ അണിനിരത്തുന്നതില്‍ ഇടതുകക്ഷികളുടെ യോജിപ്പിന് വലിയ പങ്കുവഹിക്കാന്‍ കഴിയും. വ്യത്യസ്ത രാഷ്ട്രീയകക്ഷികളെന്നനിലയില്‍ ചില പ്രശ്നങ്ങളില്‍ ഇടതുകക്ഷികള്‍ക്ക് വ്യത്യസ്ത നിലപാടുകളുണ്ടാകാം. അവ ഉയര്‍ത്തി നടത്തുന്ന രാഷ്ട്രീയസംവാദങ്ങള്‍ ഒരിക്കലും ഇടത് ഐക്യം ദുര്‍ബലപ്പെടുത്താന്‍ ഇടയാവരുത്.

ഇടതുജനാധിപത്യ നിലപാടുകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതോടൊപ്പം തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, ഇടത്തരക്കാര്‍, വനിതകള്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍ തുടങ്ങിയ വര്‍ഗബഹുജന സംഘടനകളുടെയും സാമൂഹ്യസംഘടനകളുടെയും വിശാലമായ സമരവേദി വളര്‍ത്തിക്കെണ്ടുവരേണ്ടതും ഇന്നത്തെ പ്രധാനപ്പെട്ട കടമയാണ്. അതിനുള്ള ശ്രമങ്ങളും നടന്നുവരുന്നു. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഒരുമിച്ചുനിന്ന് സമരം ചെയ്യുമ്പോഴാണ് ബൂര്‍ഷ്വ- ഭൂപ്രഭു രാഷ്ട്രീയകക്ഷികളുടെ പിന്നിലടക്കം അണിനിരന്നിട്ടുള്ള അധ്വാനിക്കുന്ന ജനങ്ങളാകെ ഒരുമിക്കുന്നത്.

ബഹുജനങ്ങളെ പൊതുസമരങ്ങളില്‍ ആകര്‍ഷിക്കുമ്പോഴാണ് ഇടതുജനാധിപത്യശക്തികള്‍ കരുത്താര്‍ജിക്കുന്നത്. ഇതോടൊപ്പം എല്ലാ ബൂര്‍ഷ്വ- ഭൂപ്രഭുകക്ഷികളുടെയും നയസമീപനങ്ങള്‍ളില്‍നിന്ന് തീര്‍ത്തും വ്യതിരിക്തമായ സാമ്പത്തിക- രാഷ്ട്രീയ പരിപാടി ഉയര്‍ത്തി, ബൂര്‍ഷ്വ- ഭൂപ്രഭുകക്ഷികളുടെ പിന്നിലുള്ള ജനങ്ങളെ ഇടതുജനാധിപത്യ നിലപാടുകളിലേക്ക് ആകര്‍ഷിക്കാനാകണം.

ഇടതുജനാധിപത്യശക്തികള്‍ കരുത്താര്‍ജിക്കുന്നത് അപ്പോഴാണ്. ജനങ്ങള്‍ വിട്ടുപോകുന്നതോടെ ബൂര്‍ഷ്വ- ഭൂപ്രഭു രാഷ്ട്രീയകക്ഷികളും സഖ്യങ്ങളും ദുര്‍ബലപ്പെടും. സിപിഐഎം ഈ കാഴ്ചപ്പാടോടെയാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News