യുഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ കേരള മാരിടൈം ബോര്‍ഡ് ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചു; വ്യവസ്ഥകള്‍ കേന്ദ്രനിയമങ്ങള്‍ക്ക് വിരുദ്ധം

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പാസാക്കിയ കേരള മാരിടൈം ബോര്‍ഡ് ബില്‍ ഗവര്‍ണര്‍ പി സദാശിവം തിരിച്ചയച്ചു. ബില്ല് പിന്‍വലിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടകാര്യം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.

ബില്‍ പുനഃപരിശോധിക്കണമെന്ന് രാഷ്ട്രപതിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചെറുകിട തുറമുഖങ്ങള്‍ക്കായി മാരിടൈം ബോര്‍ഡ് രൂപവത്കരിക്കാനുള്ള നിര്‍ദേശം ഉള്‍കൊള്ളുന്ന മാരിടൈം ബില്‍ 2014ല്‍ യുഡിഎഫ് സര്‍ക്കാരാണ് പാസാക്കിയത്. നിലവിലെ തുറമുഖ വകുപ്പ്, മാരിടൈം സൊസൈറ്റി, മാരിടൈം വികസന കോര്‍പറേഷന്‍ എന്നിവ അടക്കമുള്ളവ മാരിടൈം ബോര്‍ഡിന് കീഴിലാക്കുന്നതായിരുന്നു മാരിടൈം ബില്‍ബോര്‍ഡ്. ബില്ലിലെ വ്യവസ്ഥകള്‍ കേന്ദ്രനിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നതാണ് ബില്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കാന്‍ കാരണം.

ബില്‍ സഭയില്‍ അവതരിച്ചപ്പോള്‍ തന്നെ അന്നത്തെ പ്രതിപക്ഷമായ എല്‍ഡിഎഫ് ബില്ലിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിന്റെ വ്യവസ്ഥകളാണ് ബില്ലിലുള്ളതെന്ന് പ്രതിപക്ഷം ചൂണ്ടികാണിച്ചിരുന്നു.

പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ പാസാക്കിയ ബില്ലാണ് ഗവര്‍ണര്‍ തിരിച്ചയച്ചത്. എന്നാല്‍ നടപടിയില്‍ ക്രമപ്രശ്നം ഉന്നയിക്കേണ്ട കാര്യമില്ലെന്നും നിയമോപദേശം തേടിയിട്ടാണ് പുനഃപരിശോധനയ്ക്ക് നിര്‍ദേശിച്ചതെന്നും നിയമമന്ത്രി എ കെ ബാലന്‍ നിയമസഭയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here