മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന് പൊടിക്കുന്നത് ശതകോടികള്‍; മോദി വികസിത ഇന്ത്യയുടെ പിതാവെന്ന് പ്രചരണം; ധൂര്‍ത്തിന്റെ ഞെട്ടിക്കുന്ന പ്രചരണകണക്ക് ഇങ്ങനെ

ദില്ലി: വികസിത ഇന്ത്യയുടെ പിതാവ് എന്നാണ് മൂന്നാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. രാജ്യമെങ്ങും പൊടിപൊടിക്കുന്ന വമ്പന്‍ ആഘോഷങ്ങള്‍ക്ക് പൊതു ഖജനാവില്‍ നിന്നും പണം ഒഴുകും. മെയ് 26 മുതല്‍ ജൂണ്‍ 15 വരെ നീളുന്ന വന്‍ ആഘോഷ പരിപാടികളാണ് അണിയറയില്‍ പൂര്‍ത്തിയാകുന്നത്.

മെയ് 26ന് ഗുവാഹത്തിയില്‍ വമ്പന്‍ റാലിയൊരുക്കി മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നതോടെയാകും ആഘോഷ പരിപാടികളുടെ തുടക്കം. ശേഷം നാല് വലിയ റാലികള്‍ കൂടി ആഘോഷങ്ങളുടെ ഭാഗമായുണ്ടാകും. ‘പുതിയ ഇന്ത്യ’ എന്ന ആപ്തവാക്യത്തോടെ രാജ്യത്തെ 900 നഗരങ്ങളിലും വിപുലമായ തോതില്‍ പരിപാടികള്‍ അരങ്ങേറും.

പ്രധാനമന്ത്രി ജനങ്ങള്‍ക്ക് നേരിട്ട് കത്തെഴുതുന്ന പരിപാടിയും വിഭാവനം ചെയ്തിട്ടുണ്ട്. 15 ദിവസങ്ങള്‍ക്കിടെ 2 കോടി കത്തും 10 കോടി എസ് എം എസുകളും പ്രധാനമന്ത്രിയുടെ പേരില്‍ ജനങ്ങള്‍ക്ക് ലഭിക്കും.

മെയ് 26ന് പുറത്തിറങ്ങുന്ന രാജ്യത്തെ 400 പത്രങ്ങളുടെ ആദ്യ പേജില്‍ സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ പരസ്യം ഉള്‍പ്പെടുത്തും. റേഡിയോയിലും ടെലിവിഷനിലും 30 മുതല്‍ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യങ്ങള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ബിജെപി ശക്തമല്ലാത്ത സംസ്ഥാനങ്ങളിലായി 300 മള്‍ട്ടിമീഡിയ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ മന്ത്രാലയവും യുപിഎ ഭരണവും എന്‍ഡിഎ ഭരണവും താരതമ്യം ചെയ്തുള്ള ലഘുലേഖ പുറത്തിറക്കും. കര്‍ഷകര്‍, യുവാക്കള്‍, പിന്നോക്ക സമുദായം, തൊഴിലാളികള്‍ എന്നിവരുടെ ഉന്നമനത്തിനായുള്ള പദ്ധതി ആവിഷ്‌കരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിലായിരിക്കും മൂന്നാം വാര്‍ഷികാഘോഷത്തിന് പണം പൊടിക്കാന്‍ മോദി സര്‍ക്കാരിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel