വിദ്വേഷ പ്രസംഗം; യോഗിയെ വിചാരണ ചെയ്യാന്‍ യോഗി സര്‍ക്കാരിന്റെ അനുമതിയില്ല

ലക്‌നൗ: മുഖ്യമന്ത്രിയായതോടെ പഴയ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ വിചാരണ നേരിടില്ലെന്ന തീരുമാനത്തിലാണ് യോഗി ആദിത്യനാഥ്. 2007 ല്‍ യു പിയിലെ ഗൊരഖ്പൂരിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസില്‍ യോഗിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ യുപി സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ചീഫ് സെക്രട്ടറി തന്നെ ഇക്കാര്യം കോടതിയെ അറിയിച്ചു.

മുഖ്യമന്ത്രിയെ വിചാരണ ചെയ്യാനുള്ള അനുമതി സംസ്ഥാന ആഭ്യന്തരമന്ത്രാലയം ഈ മാസമാദ്യം തന്നെ നിരസിച്ചതായാണ് ചീഫ് സെക്രട്ടറി രാഹുല്‍ ഭട്‌നഗര്‍ കോടതിയെ അറിയിച്ചത്.

ഗോരഖ്പുര്‍ കലാപക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യോഗിയടക്കമുളള അഞ്ച് പേരെ വിചാരണ ചെയ്യുന്നത് വൈകുന്നതിനുള്ള കാരണം അറിയിക്കാന്‍ ചീഫ്‌സെക്രട്ടറിയെ കോടതി വിളിച്ചുവരുത്തുകയായിരുന്നു.

യോഗിയുടെ വിവാദമായ പ്രസംഗത്തിന്റെ സിഡിയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നതിനാലാണ് വിചാരണയ്ക്ക് അനുമതി നല്‍കാത്തതെന്നും സര്‍ക്കാര്‍ വിശദമാക്കിയിട്ടുണ്ട്. പരാതിക്കാര്‍ക്ക് ഇത് ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ജൂലൈ 7 വരെ സമയം അനുവദിക്കുമെന്നും കോടതി അറിയിച്ചു

2007 ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം. ഗോരഖ്പുര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് യോഗി നടത്തിയ പ്രസംഗം വിദ്വേഷ പ്രസംഗമാണെന്നും ഇത് പിന്നീട് രണ്ട് പേരുടെ മരണത്തിനിടയാക്കിയ കലാപത്തിലേക്ക് നയിച്ചെന്നതാണ് കേസ്. മാധ്യമപ്രവര്‍ത്തകനായ പെര്‍വെസ് പര്‍വാസ് 2008ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഖിലേഷ് സര്‍ക്കാരാണ് ആദിത്യനാഥിനെതിരെ കേസ് റജ്സ്റ്റര്‍ ചെയ്തത്. 2015ല്‍ അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News