വിരാട് കോഹ് ലിയുടെ മോശം ഫോം ടീം ഇന്ത്യയെ ബാധിക്കില്ല; ഇന്ത്യയ്ക്ക് ചാമ്പ്യന്‍സ് ട്രോഫി സാധ്യതയുണ്ടെന്നും കപില്‍ ദേവ്

ദില്ലി : ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഫോം ടീം ഇന്ത്യയെ ബാധിക്കില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഇന്ത്യയുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് കോലിയുടെ പ്രകടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല. ടീമിലെ പ്രധാനപ്പെട്ട താരമാണ് കോലി. എങ്ങനെ കളിക്കണമെന്നും എപ്പോള്‍ കളിക്കണമെന്നും കോഹ്‌ലിക്ക് നന്നായി അറിയാമെന്നും കപില്‍ദേവ് പറഞ്ഞു.

”ധര്‍മ്മശാലയില്‍ കോലിയുടെ അഭാവത്തില്‍ നടന്ന ടെസ്റ്റ് മത്സരം നിങ്ങളെല്ലാവരും കണ്ടതല്ലേ? കോഹ്‌ലി ഇല്ലാത്തതിനാല്‍ ഇന്ത്യ തോല്‍ക്കുമെന്ന് എല്ലാവരും പ്രവചിച്ചു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് നമ്മളെല്ലാവരും കണ്ടു. ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം കോഹ്‌ലിയെ ചുറ്റിപ്പറ്റിയാണ് എന്ന തരത്തില്‍ സംസാരിക്കുന്നത് മറ്റു ബാറ്റ്‌സ്മാന്‍മാരുടെ ആത്മവിശ്വാസവും തകര്‍ക്കും” കപില്‍ദേവ് പറഞ്ഞു.

”കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യന്‍ ടീം മികച്ച രീതിയിലാണ് കളിക്കുന്നത്. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടാനുള്ള സാധ്യതയുണ്ട്. ടൂര്‍ണമെന്റിനിടയില്‍ എങ്ങനെ പ്ലാനുകള്‍ നടപ്പിലാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മത്സരഫലം. നമുക്ക് വിജയിക്കാനുള്ള എല്ലാ കഴിവുമുണ്ട്. പക്ഷേ സമ്മര്‍ദഘട്ടങ്ങള്‍ മറികടക്കാന്‍ കഴിയണം.” കപില്‍ദേവ് പറഞ്ഞു.

ജൂണ്‍ ഒന്നുമുതല്‍ ഇംഗ്ലണ്ടിലാണ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് അരങ്ങേറുന്നത്. ഐപിഎല്ലില്‍ മോശം ബാറ്റിങ് ഫോമിലുള്ള കോലിയുടെ പ്രകടനത്തെപ്പറ്റിയുള്ള ചോദ്യത്തിനാണ് കപില്‍ദേവിന്റെ പ്രതികരണം. ദില്ലിയിലെ മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ തന്റെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയതായിരുന്നു കപില്‍ദേവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News