കേരള സഹകരണ ബാങ്കിന് സമയമായെന്ന് സഹകരണ മന്ത്രി കടകംപള്ളി; എസ്ബിടി – എസ്ബിഐ ലയനത്തെ അനുകൂലിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും സഹകരണ മന്ത്രി

തിരുവനന്തപുരം : കേരള സഹകരണ ബാങ്കിന് സമയമായെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ വകുപ്പിന് കീഴില്‍ ആരംഭിക്കാന്‍ പോകുന്ന കേരള സഹകരണ ബാങ്ക് കഴിയുന്നത്ര വേഗം യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ട്. ഇത് ബോധ്യപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

എടിഎമ്മില്‍ നിന്ന് പണമെടുക്കുന്ന ഓരോ തവണയും 25 രൂപ ഫീസായി ഈടാക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നടത്തിയ ശക്തമായ പ്രതിഷേധവും ജനവികാരവും കണക്കിലെടുത്താണ് പിന്‍വലിച്ചത്. മറ്റ് പല രീതിയില്‍ ഉപഭോക്താക്കളില്‍ നിന്ന് സാധാരണ സേവനങ്ങള്‍ക്ക് അനാവശ്യമായി പണം ഈടാക്കുന്ന സാഹചര്യം തുടരുകയാണ്. – മന്ത്രി പറഞ്ഞു.

എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തപ്പോള്‍ പലരും അതെന്തിനാണ് എതിര്‍ക്കുന്നതെന്ന സംശയം ഉന്നയിച്ചിരുന്നു. ലയനശേഷമുള്ള എസ്ബിഐയുടെ തീരുമാനങ്ങള്‍ തന്നെയാണ് അവര്‍ക്കുള്ള മറുപടി. ബാങ്കിംഗ് മേഖലയെ സ്വകാര്യകുത്തകകള്‍ക്ക് അടിയറവ് വെക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണ് നിലവിലെ തുഗ്ലക് പരിഷ്‌കാരങ്ങള്‍ക്ക് പിന്നിലെന്നത് തള്ളിക്കളയാനാകില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകളെ ഇല്ലായ്മ ചെയ്യാന്‍ നടത്തിയ നീക്കങ്ങളെ ഇതുമായി കൂട്ടിവായിക്കണം. കേരളത്തിന് സ്വന്തമായി സഹകരണ മേഖലയില്‍ ആധുനിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ബാങ്ക് ആരംഭിക്കണമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിനെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ സ്വാഗതം ചെയ്യുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

നമ്മുടെ നാടിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സഹകരണ പ്രസ്ഥാനം ജനങ്ങളുടെ പ്രതീക്ഷ കണക്കിലെടുത്ത് കേരളാ ബാങ്ക് എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ മുന്നോട്ട് പോകുകയാണ്. എല്ലാവരും ഒറ്റക്കെട്ടായി ഇതിനൊപ്പം നില്‍ക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News