ഐഎസ്എലിലേക്ക് കേരളത്തില്‍ നിന്ന് ഒരു ടീം കൂടി?; പുതിയ ഫ്രാഞ്ചെസി ലേലത്തില്‍ തിരുവനന്തപുരവും

ദില്ലി : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളത്തില്‍ നിന്ന് ഒരു ടീം കൂടി ഉണ്ടായേക്കും. തിരുവനന്തപുരത്തുനിന്നുള്ള ടീമിനാണ് സാധ്യത. അടുത്ത സീസണില്‍ മൂന്ന് ടീമുകളെ കൂടി ഉള്‍പ്പെടുത്താന്‍ ഐഎസ്എല്‍ സംഘാടകര്‍ തീരുമാനിച്ചു. ഇതോടെയാണ് തിരുവനന്തപുരത്ത് നിന്ന് പുതിയ ടീമിന് സാധ്യത തെളിഞ്ഞത്.

അഹമ്മദാബാദ്, ബംഗളൂരു, കട്ടക്ക്, ദുര്‍ഗാപുര്‍, ഹൈദരാബാദ്, ജംഷഡ്പുര്‍, കൊല്‍ക്കത്ത, റാഞ്ചി എന്നീ നഗരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ട മറ്റ് ടീമുകള്‍. മെയ് 12 മുതല്‍ 24 വരെയാണ് പുതിയ ടീമുകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി. ഇതിന് ശേഷം ലേലം നടത്തും. ലേലത്തില്‍ മുന്നിലെത്തുന്ന ആദ്യ മൂന്ന് ടീമുകളെ ഐഎസ്എലില്‍ ഉള്‍പ്പെടുത്തും.

മൂന്ന് ടീമുകള്‍ കൂടി എത്തുന്നതോടെ ഐപിഎല്ലില്‍ ആകെ 11 ഫ്രാഞ്ചൈസികളാവും. ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡ് ആണ് ലേലം നടത്തുന്നത്. 2014 മുതല്‍ ഐഎസ്എലിന്റെ സംഘാടകരാണ് എഫ്എസ്ഡിഎല്‍. തിരുവനന്തപുരത്ത് ഫ്രാഞ്ചൈസി അനുവദിക്കപ്പെട്ടാല്‍ കേരളത്തിന് രണ്ട് ഐപിഎല്‍ ടീമുകളെ ലഭിക്കും.

തിരുവനന്തപുരം ടീമിനെ ലക്ഷ്യമിട്ട് ചില വന്‍കിട കമ്പനികള്‍ രംഗത്തുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച സ്വീകാര്യതയാണ് ഇവരെ തിരുവനന്തപുരത്തേക്ക് ആകര്‍ഷിക്കുന്നത്. ജംഷഡ്പൂര്‍ ടീമിനായി ടാറ്റ ഗ്രൂപ്പ് രംഗത്തുവരുമെന്നാണ് സൂചന. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഐഎസ്എല്‍ ഫുട്‌ബോള്‍ തീരുമാനിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here