കൂട്ടപ്പിരിച്ചു വിടലിനൊരുങ്ങി പ്രമുഖ ഐടി കമ്പനികള്‍; ഈ വര്‍ഷം 56,000 ജീവനക്കാരെ പിരിച്ചു വിടുമെന്ന് റിപ്പോര്‍ട്ടുകള്‍; നടപടി അമേരിക്കന്‍ വിസാ നയങ്ങളുടെ മറവില്‍

ബംഗളൂരു: ഇന്ത്യയിലെ പ്രമുഖ ഏഴു ഐടി കമ്പനികള്‍ ഈ വര്‍ഷം 56,000 ജീവനക്കാരെ പിരിച്ചു വിടുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് കോര്‍പ്പറേഷന്‍, ഡിഎക്‌സ്‌സി ടെക്‌നോളജി, ഫ്രാന്‍സ് ആസ്ഥാനമായ കാപ്‌ജെയ്മിനി എസ്.എ എന്നിവയാണ് പിരിച്ചു വിടലിനൊരുങ്ങുന്നത്. ഈ കമ്പനികളില്‍ 12 ലക്ഷം ജീവനക്കാരാണുള്ളത്. ഇവരില്‍ നിന്ന് 4.5 ശതമാനത്തെയാണ് പിരിച്ചു വിടുക.

പല കമ്പനികളും മോശം പ്രകടനമെന്ന് ചൂണ്ടിക്കാട്ടി നിരവധി ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞു. അമേരിക്ക എച്ച് ബി 1 വിസകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതും ട്രംപിന്റെ ഹയര്‍ അമേരിക്ക ബൈ അമേരിക്കന്‍ നയങ്ങളാണ് തിരിച്ചടിയായതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാല്‍ ഇത് മറയാക്കി പല കമ്പനികളും പിരിച്ചുവിടല്‍ നടത്തുകയാണെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.

കോഗ്‌നിസെന്റ് 15000 പേര്‍ക്കും ഇന്‍ഫോസിസ് 3000 പേര്‍ക്കും നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഐടി ജോലികള്‍ക്കടക്കം തദ്ദേശീയരെ നിയമിക്കണമെന്ന ട്രംപിന്റെ ഉത്തരവ് വന്നതിന് പിന്നാലെ 10000 അമേരിക്കക്കാരെ നിയമിക്കാന്‍ ഇന്‍ഫോസിസ്് തീരുമാനമെടുത്തിരുന്നു. തുടര്‍ന്നും നിരവധി കമ്പനികള്‍ അമേരിക്കക്കാരെ നിയമിക്കാന്‍ നടപടികള്‍ കൈക്കൊണ്ടു വരുന്നതായാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here