
കൊച്ചി: സാംസ്‌കാരിക കേരളം പലകാര്യങ്ങളിലും രാജ്യത്തിന് അഭിമാനവും മാതൃകയുമായിട്ടുണ്ട്. സാക്ഷരത മുതല്‍ ആരോഗ്യ പരിപാലനകാര്യത്തിലെല്ലാം രാജ്യത്ത് തിളങ്ങിനില്‍ക്കുന്ന കേരളം വീണ്ടും രാജ്യത്തിന് അഭിമാനമാകുകയാണ്. ലിംഗഅസമത്വത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞാണ് ഇത്തവണ മാതൃകാനേട്ടം സ്വന്തമാക്കിയത്.
സര്‍ക്കാര്‍ ഉടമസ്ഥതതയിയുള്ള സ്ഥാപനത്തില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലി നല്‍കിയിരിക്കുകയാണ് കേരള സര്‍ക്കാര്‍. കൊച്ചി മെട്രോ റെയിലില്‍ ഇതുവരെ 23 ട്രാന്‍സ് ജെന്‍ഡേഴ്‌സാണ് ജോലി സ്വന്തമാക്കിയിരിക്കുന്നത്. 530 കുടുംബശ്രീ തൊഴിലാളികള്‍ക്കൊപ്പം പതിനൊന്ന് സ്റ്റേഷനുകളില്‍ ഇവരും ജോലി ചെയ്യും. ടിക്കറ്റ് കൗണ്ടറുകള്‍ മുതല്‍ ഹൗസ്‌കീപിംഗ് വരെയുള്ള ജോലികളായിരിക്കും ഇവര്‍ ചെയ്യുക.
ട്രാന്‍ജെന്‍ഡറുമാരെ ജോലിയ്‌ക്കെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമെന്ന ഖ്യാതിയും കൊച്ചി മെട്രോ സ്വന്തമാക്കിക്കഴിഞ്ഞു. എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമാണു 530 തൊഴിലാളികളെ നിയമിച്ചിട്ടുള്ളത്. സാങ്കേതിക വൈദഗ്ധ്യത്തിലും സുരക്ഷാക്രമീകരണങ്ങളിലും പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.
ആരും ജോലി നല്‍കാത്തതിനാല്‍ തീവണ്ടികളിലും മറ്റും യാചിച്ചാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ മിക്കവരും ജീവിക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും ഇവരുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ഈ ലൈംഗിക വൈവിധ്യത്തെ അംഗീകരിക്കാന്‍ തൊഴിലുടമകള്‍ ഇനിയും തയ്യാറായിട്ടില്ല. ഇത്തരക്കാര്‍ക്കെല്ലാം മാതൃകയാകുന്ന തീരുമാനമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും അഭിനന്ദനപ്രവാഹമാണുണ്ടാകുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here