പ്രതിസന്ധികള്‍ മറികടന്ന് ഇടമലക്കുടിയില്‍ വൈദ്യുതി എത്തിച്ചു; അഭിമാനനേട്ടമെന്ന് മന്ത്രി എം എം മണി

മൂന്നാര്‍: സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലും വൈദ്യുതി എത്തി. 13.5 കിലോ മീറ്ററില്‍ 11 കെവി ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ച് ഇഡ്ഡലിപ്പാറക്കുടി, സൊസൈറ്റിക്കുടി എന്നിവിടങ്ങളില്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചാണ് വൈദ്യുതി എത്തിക്കുന്നത്. പ്രതിസന്ധികള്‍ എല്ലാം തരണം ചെയ്ത് ഒരു മരം പോലും മുറിക്കാതെ ഇടമലക്കുടിയില്‍ വൈദ്യുതി എത്തിക്കാന്‍ പരിശ്രമിച്ചവരെ മന്ത്രി എം എം മണി അഭിനന്ദിച്ചു.

‘വൈദ്യുതി ലഭിക്കുക എന്നത് ഇടമലക്കുടി നിവാസികളുടെ ദീര്‍ഘകാലമായുള്ള സ്വപ്നമായിരുന്നു. ഇതിനായി വൈദ്യുതി ബോര്‍ഡ് പദ്ധതി തയ്യാറാക്കി നല്‍കുകയും പട്ടിക വര്‍ഗ്ഗ വകുപ്പ് 4.7 കോടി ഫണ്ട് അനുവദിക്കകയും ചെയ്തിരുന്നു. മൂന്നാറില്‍ നിന്നും മണിക്കൂറുകള്‍ യാത്ര ചെയ്ത് മാത്രം എത്താന്‍ കഴിയുന്ന നിബിഡ വനത്തിനുള്ളിലുള്ള കുടികളില്‍ വൈദ്യുതി എത്തിക്കുക എന്ന ദൌത്യത്തിന് മുന്നില്‍ പ്രതിസന്ധികള്‍ ഏറെയായിരുന്നു. എന്നാല്‍ അസാധ്യമായതിനെ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി ഇടമലക്കുടി നിവാസികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കി. അവരുടെ ഇച്ഛാശക്തിക്ക് മുന്നില്‍ പ്രതിബന്ധങ്ങള്‍ ഒന്നൊന്നായി വഴിമാറി. അങ്ങനെ ഇടമലക്കുടിയിലും വൈദ്യുതി എത്തി.’ എം എം മണി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മൂന്നാറിനു സമീപം രാജമലയില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും വൈദ്യുതി ഭൂമിക്കടിയിലൂടെ കേബിള്‍ വഴി എത്തിച്ച് ഇടമലക്കുടിയില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോര്‍മര്‍ വഴിയാണ് കുടികളിലേക്ക് വിതരണം ചെയ്യുന്നത്. ഭാവിയില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് കേബിളിനൊപ്പം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളും സ്ഥാപിച്ചിട്ടുണ്ട്. 250 മീറ്റര്‍ വീതമുള്ള 53 കേബിളാണ് ഇതിനായി ഉപയോഗിക്കുന്നത്. 1.20 മീറ്റര്‍ താഴ്ചയില്‍ കുഴിയെടുത്താണ് കേബിള്‍ പതിക്കുന്നത്.

ആറ് കുടികളിലായി ഇതിനോടകം 182 വീടുകള്‍ വൈദ്യുതികരിച്ചു കഴിഞ്ഞു. കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) നേതൃത്വത്തില്‍ 40 പേരടങ്ങിയ സംഘമാണ് കുടികളില്‍ സൌജന്യമായി വയറിങ് ജോലി നടത്തികൊടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here