മൂന്നാറിലെ എട്ടു സെന്റിന് പട്ടയം തരേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് എസ് രാജേന്ദ്രന്‍; തോട്ടംതൊഴിലാളികളെ കുടിയിറക്കാന്‍ ചിലരുടെ നീക്കം

തിരുവനന്തപുരം: മൂന്നാറിലുള്ള തന്റെ എട്ടു സെന്റിന് പട്ടയം തരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ. തന്നെപ്പോലെ ആയിരങ്ങളുണ്ട്. അവരെ കിടപ്പാടത്തില്‍ നിന്ന് ഇറക്കിവിടാനാവില്ലെന്നും തങ്ങള്‍ തമിഴരല്ല, കേരളീയരാണെന്നും പീപ്പിള്‍ ടിവിയുടെ അന്യോന്യം പരിപാടിയില്‍ എസ് രാജേന്ദ്രന്‍ വ്യക്തമാക്കി.

മുതുമുത്തച്ഛന്റെ കാലത്താണ് തന്റെ വീട്ടുകാര്‍ മൂന്നാറില്‍ എത്തിയതെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. മൂന്നാര്‍ തോട്ടമാക്കി മാറ്റിയ ആദ്യത്തെ തൊഴിലാളി സംഘത്തില്‍പ്പെട്ടയാളാണ് മുതുമുത്തച്ഛന്‍. മുത്തച്ഛനും അച്ഛനും അവരുടെ കുടുംബങ്ങളും തോട്ടംതൊഴിലാളികളായിരുന്നു. താനും പഠിക്കുമ്പോള്‍ തോട്ടങ്ങളില്‍ പണിയെടുത്തു. തോട്ടം തൊഴിലാളികള്‍ക്കുള്ള സ്‌കൂളിലും കോളേജിലും പഠിച്ചു. പിന്നീട് ഡ്രൈവറായി ജോലി ചെയ്തുമാണ് താന്‍ വളര്‍ന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എംഎല്‍എയും ആയതെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.

കാപ്പിത്തോട്ടത്തില്‍ മുതുമുത്തച്ഛന്‍ ചിക്കറി കൃഷി നടത്തിയിരുന്നു. ചിക്കറി കിഴങ്ങ് സൂക്ഷിച്ച ഭൂമി കുടുംബത്തിന്റെ കൈവശമായി. അതിലെ എട്ടു സെന്റ് സ്ഥലത്താണ് താന്‍ വീട് വച്ചതെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.

തോട്ടംതൊഴിലാളിക്ക് ഭൂമി എന്ന ഇഎംഎസിന്റെ കാഴ്ചപാട് അനുസരിച്ചാണ് തങ്ങള്‍ക്ക് ഭൂമിയില്‍ അവകാശം കിട്ടിയത്. ആ സ്ഥലത്തിന് രേഖയുണ്ട്. അത് തന്നത് ഉദ്യോഗസ്ഥരാണ്. അതിന്റെ ഫയല്‍ കാണാനില്ലെങ്കില്‍ താനല്ല ഉത്തരം പറയേണ്ടത്. പകരം യഥാര്‍ത്ഥ രേഖ തരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും രാജേന്ദ്രന്‍ പറഞ്ഞു.

തന്നെപ്പോലെ ഭൂമിയുടെ രേഖയുടെ ഫയല്‍ കാണാത്ത ആയിരങ്ങള്‍ ഉണ്ട്. താന്‍ എംഎല്‍എ ആയതുകൊണ്ടാണ് തന്റെ കാര്യം മാത്രം ചിലര്‍ പ്രചരിപ്പിക്കുന്നത്. മൂന്നാറില്‍ ഭൂമി കിട്ടിയ തോട്ടം തൊഴിലാളികളെ കുടിയിറക്കാനാണ് അവരുടെ നീക്കം. തങ്ങളാരും കൈയ്യേറ്റക്കാരല്ല. തങ്ങളുടെ പൂര്‍വീകര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവരാണ്. പക്ഷ തങ്ങള്‍ കേരളീയരാണ്. കിടക്കുന്ന മണ്ണില്‍ നിന്നിറക്കി വിട്ടാല്‍ ഞങ്ങള്‍ എങ്ങോട്ടു പോകുംരാജേന്ദ്രന്‍ ചോദിക്കുന്നു.

എസ് രാജേന്ദ്രന്‍ എംഎല്‍എയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം ശനിയാഴ്ച രാത്രി ഏഴരയ്ക്ക് പീപ്പിള്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News