
കൊച്ചി: ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്കെത്തിക്കാനുള്ള കേരളത്തിന്റെ നീക്കത്തെ വാഴ്ത്തി അന്താരാഷ്ട്രാ മാധ്യമങ്ങളും രംഗത്തെത്തി. ഭിന്നലിംഗക്കാര്‍ നേരിടുന്ന അവഹേളനവും വിവേചനവും അവസാനിപ്പിക്കാനുള്ള മാതൃകാപരവും ചരിത്രപരവുമായ നീക്കമായാണ് കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാരെ നിയമിച്ചതിനെ പ്രമുഖ ബ്രിട്ടീഷ് പത്രം ഗാര്‍ഡിയന്‍ വിശേഷിപ്പിച്ചത്.
ഇന്ത്യയില്‍ ട്രെയിനുകളില്‍ ഭിക്ഷയെടുത്തിരുന്ന ഭിന്നലിംഗക്കാര്‍ ഈ മാസം മുതല്‍ കൊച്ചി മെട്രോയില്‍ ജോലിചെയ്യുന്നവരായി എന്ന് ഗാര്‍ഡിയന്‍ ചൂണ്ടിക്കാട്ടുന്നു. കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാരായ വ്യക്തികള്‍ക്ക് ജോലി സംവരണം ചെയ്തുകൊണ്ട് ലിംഗനീതിയുടെ ഒരു പുതിയ അധ്യായം തുറക്കാന്‍ സംസ്ഥാന സര്‍ക്കാരിനും കൊച്ചി മെട്രോയ്ക്കും കഴിഞ്ഞു എന്നത് ആഗോള തലത്തില്‍ ചര്‍ച്ചചെയ്യാന്‍ ഗാര്‍ഡിയനിലെ വാര്‍ത്തയും കാരണമാവുകയാണ്.
കൊച്ചി മെട്രോ ഭിന്നലിംഗക്കാരായ 23 പേരെയാണ് ടിക്കറ്റ് കൌണ്ടറുകളിലുള്‍പ്പെടെ നിയമിച്ചത്. ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കുന്ന ഇന്ത്യയില്‍ ആദ്യത്തെ സംരഭമാണ് കൊച്ചി മെട്രോ. സമൂഹത്തില്‍നിന്ന് ആട്ടി അകറ്റപ്പെട്ട് ഭിക്ഷാടനവും ലൈംഗിക തൊഴിലും സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതരായിരുന്ന സാഹചര്യത്തില്‍ നിന്ന് ഭിന്നലിംഗക്കാരെ കൈപിടിച്ച് ഉയര്‍ത്തുന്ന നീക്കമാണിത്. ഗാര്‍ഡിയന്‍ വിശദമാക്കുന്നു.
എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാവണം കൊച്ചി മെട്രോ എന്ന ചിന്തയാണ് ഭിന്നലിംഗക്കാര്‍ക്ക് ജോലിനല്‍കാന്‍ തീരുമാനിച്ചതിനുപിന്നിലെന്ന് കൊച്ചി മെട്രോയുടെ വക്താവ് സി ആര്‍ രാഷ്മി പറയുന്നു. മെട്രോ കേവലം ഗതാഗത മാര്‍ഗം മാത്രമല്ല ഉപജീവനമാര്‍ഗം എന്ന നിലയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും രാഷ്മി വ്യക്തമാക്കിയെന്ന് ഗാര്‍ഡിയന്റെ വാര്‍ത്ത പറയുന്നു.
ആളുകള്‍ ഭിന്നലിംഗക്കാരോട് സമ്പര്‍ക്കം പുലര്‍ത്താന്‍ തയാറാവില്ല. ഭിന്നലിംഗക്കാര്‍ സമൂഹത്തില്‍ വേറിട്ടാണ് നിലകൊള്ളുന്നത്. ആരും ജോലി നല്‍കാറില്ല. അവരുടെ അവകാശങ്ങള്‍പോലും മാനിക്കില്ല. ഈ സ്ഥിതിമാറണം. അതിന് അവര്‍ മുഖ്യധാരയിലേക്ക് വരേണ്ടതുണ്ട്. ദൈനംദിനം ആളുകളോട് ഇടപെടേണ്ടതുണ്ട് രാഷ്മി പറഞ്ഞു. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഉപഭോക്തമാക്കളോട് ഇടപെടുന്നതിനും ആവശ്യമായ ക്‌ളാസുകള്‍ ഇവര്‍ക്ക് നല്‍കുന്നുണ്ട്.
ഭിന്നലിംഗക്കാര്‍ക്ക് എവിടെയും ജോലി ലഭിച്ചിരുന്നില്ല, ഈ സ്ഥിതി മാറിയതില്‍ സന്തോഷമുണ്ടെന്ന് മെട്രോയില്‍ ജോലി ലഭിച്ച ഭിന്നലിംഗക്കാരിയായ വിന്‍സിയുടെ വാക്കുകളും ഗാര്‍ഡിയന്‍ പങ്കുവെയ്ക്കുന്നു. ജോലിയ്ക്ക് അവസരം ലഭിച്ചാലും സഹപ്രവര്‍ത്തകര്‍ക്ക് കളിയാക്കാനുള്ള വസ്തുവായാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ കൊച്ചി മെട്രോയില്‍ സ്ഥിതി വ്യത്യസ്ഥമാണ്. ഇവിടെ സഹപ്രവര്‍ത്തകര്‍ ഞങ്ങള്‍ക്ക് ബഹുമാനം നല്‍കുന്നു. വിന്‍സി പറഞ്ഞു.
വിനോദസഞ്ചാര മേഖലയില്‍ പ്രമുഖ സ്ഥാനമുള്ള കേരളം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള സംസ്ഥാനമാണെന്നും ഗാര്‍ഡിയന്‍ ചൂണ്ടിക്കാട്ടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here