
കോട്ടയം : നഷ്ടപ്പെട്ട അപ്രമാദിത്തം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് കോട്ടയത്ത് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം. കുമരകത്ത് സ്വകാര്യ റിസോര്‍ട്ടിലായിരുന്നു യോഗം. രണ്ട് മണിക്കൂറോളം യോഗം നീണ്ട യോഗത്തില്‍ കെസി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോഷി ഫിലിപ്പ്, ലതിക സുഭാഷ് എന്നിവര്‍ പങ്കെടുത്തു.
പരസ്പര വിശ്വാസ്യത നഷ്ടപ്പെട്ട അവസ്ഥയിലാണ് കോട്ടയത്തെ എ ഗ്രൂപ്പ്. ആളെക്കൂട്ടാന്‍ മാണി വിരോധം മറയാക്കുകയാണ് അണികളുടെ വിശ്വാസ്യത വീണ്ടെടുക്കുകയും എ ഗ്രൂപ്പിന്റെ ലക്ഷ്യമാണ്. ഈ സാഹചര്യത്തിലാണ് രഹസ്യ യോഗം ചേര്‍ന്നത്. കേരളാ കോണ്‍ഗ്രസ് എമ്മിനെ പിളര്‍ത്തി പ്രാദേശിക നേതാക്കളെ അടര്‍ത്തിയെടുത്ത് കോണ്‍ഗ്രസിനൊപ്പം നിര്‍ത്തണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
എന്നാല്‍ മാണി വിഭാഗത്തില്‍ നിന്ന് നേതാക്കളെയും പ്രവര്‍ത്തകരെയും അടര്‍ത്തിയെടുക്കുന്നതിനോട് എ ഗ്രൂപ്പിലെ ഒരുവിഭാഗത്തിന് യോജിപ്പില്ല. അത്തരം ഒരു സാഹചര്യമുണ്ടായാല്‍ നിലവിലെ സ്ഥാനങ്ങള്‍ നഷ്ടപ്പെടുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആശങ്ക. അതിനാല്‍ ഈ നീക്കത്തോട് ഒരു വിഭാഗം നേതാക്കള്‍ തുടക്കത്തിലേ എതിര്‍പ്പ് അറിയിച്ചു.
ഇത്തരം ചര്‍ച്ചയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാല്‍ എ ഗ്രൂപ്പില്‍ കൂട്ടക്കൊഴിച്ചില്‍ ഉണ്ടാകുമെന്ന നിഗമനത്തില്‍ നേതാക്കള്‍ ചര്‍ച്ച അവസാനിപ്പിച്ചു. എ ഗ്രൂപ്പിന് ആളെക്കൂട്ടാനുള്ള പ്രവര്‍ത്തനമാക്കി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ മാറ്റണമെന്നും അഭിപ്രായമുയര്‍ന്നു. കോണ്‍ഗ്രസിന്റെ അംഗത്വ കാമ്പയിനുമായി പോകുമ്പോള്‍ പരമാവധി വീടുകളില്‍ കയറി സംസാരിക്കണമെന്നുമാണ് ധാരണ.
യോഗ്യതയുള്ളവരെ തഴഞ്ഞ് കെസി ജോസഫ് എംഎല്‍എയുടെ അടുപ്പക്കാരനായ ജോസി ഫിലിപ്പിനെ ഡിസിസി പ്രസിഡന്റാക്കിയ ശേഷം ജില്ലയില്‍ ഉടനീളം എ ഗ്രൂപ്പ് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോസി ഫിലിപ്പ് തല്‍സ്ഥാനം രാജിവെച്ച് ഡിസിസി പ്രസിഡന്റായതിന് പിന്നാലെയാണ് കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെട്ടത്.
അടുപ്പക്കാരെയും പ്രത്യേക സമുദായത്തെയും ഉന്നത സ്ഥാനങ്ങളില്‍ കൊണ്ടു വരണമെന്ന മുതിര്‍ന്ന നേതാക്കളുടെ പിടിവാശിയാണ് തിരിച്ചടിക്ക് കാരണമെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിയ കെഎം മാണിയോട് താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ രൂക്ഷമായാണ് പ്രതികരിക്കുന്നത്.
എന്നാല്‍ തിരുവഞ്ചൂര്‍ അടക്കമുള്ളവര്‍ കെഎം മാണിയോട് അയഞ്ഞ സമീപനമാണ് സ്വീകരിക്കുന്നത്. ഇത് അണികളെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എ ഗ്രൂപ്പ് നഷ്ടപ്പെട്ട മുഖവും വിശ്വാസ്യതയും തിരിച്ചുപിടിക്കാനുള്ള ശ്രമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here