പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിനിറങ്ങാന്‍ നിര്‍ദ്ദേശവുമായി സിപിഐഎം

തിരുവനന്തപുരം : പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തില്‍ പങ്കാളികാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് സിപിഐഎം. ജൂണ്‍ 5ന് പരിസ്ഥിതി ദിനത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാ പാര്‍ടി മെമ്പര്‍മാരും പാര്‍ടി ഘടകങ്ങളും അനുഭാവികളും ബഹുജനങ്ങളും പങ്കെടുക്കണം. വൃക്ഷതൈകള്‍ നട്ട് പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.

അനുഗ്രഹീതമായ നിലയില്‍ ജലസ്രോതസ്സുകളുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ സമീപകാലത്തെ കൊടിയ ജലചൂഷണത്തിന്റെയും മലിനീകരണത്തിന്റെയും ഫലമായി അവയെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കേരളത്തിന്റെ പരിസ്ഥിതിയും കാലാവസ്ഥയും ഇവിടെ ജീവിക്കുന്ന ജനങ്ങളുടെ നിലനില്‍പ്പിന്റെ അടിസ്ഥാനഘടകമാണ്.

ഒരു ഭാഗത്ത് കടുത്ത വരള്‍ച്ചയും മറുഭാഗത്ത് പ്രളയദുരന്തവും അനുഭവിക്കേണ്ടവരായി ഇവിടത്തെ ജനങ്ങള്‍ മാറി. ജലത്തിന്റെ ആവശ്യകത വലിയ നിലയില്‍ വളരെവേഗം വര്‍ദ്ധിക്കുകയാണ്. എന്നാല്‍ ശുദ്ധജല ലഭ്യതയാകട്ടെ നേരെ എതിര്‍ദിശയില്‍ കുറയുകയാണ്. ഈ നിലയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ സമീപഭാവിയില്‍ തന്നെ ജലപ്രതിസന്ധി അതിരൂക്ഷമായ സ്ഥിതിവിശേഷം സൃഷ്ടിക്കും.

നിയമവിരുദ്ധമായ ഭൂഗര്‍ഭജല ചൂഷണം ഈ പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കുന്നു. മണ്ണ്, ജലം, ജൈവ വൈവിദ്ധ്യം തുടങ്ങിയ അടിസ്ഥാന പരിസ്ഥിതി ഘടകങ്ങളുടെ ശോഷണം പരിസ്ഥിതി സുരക്ഷയെ വളരെ ദോഷകരമായി ബാധിച്ചു. ശുചിത്വ ബോധത്തിന്റെ പോരായ്മയും മാലിന്യ പരിപാലനത്തിലെ വീഴ്ചയും അപകടകരമായ പരിസ്ഥിതി നാശത്തിന് കാരണമായി.

കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന് ഒരു ജനകീയ കൂട്ടായ്മ വളര്‍ന്നുവരണം. പരിസ്ഥിതിയും ജലവും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനം പരസ്പര പൂരകങ്ങളാണ്. വ്യാപകമായി വൃക്ഷതൈകള്‍ നട്ടും മഴത്തുള്ളികളെ മണ്ണിലേക്കിറക്കാന്‍ മഴക്കുഴികള്‍ നിര്‍മ്മിച്ചും തോടുകളും കുളങ്ങളും ശുചീകരിച്ചും, കിണറുകള്‍ നവീകരിച്ചും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം.

നദികളിലെ മാലിന്യങ്ങള്‍ നീക്കിയുമുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലമായി നടത്താന്‍ പാര്‍ടി ഇതിനകം തന്നെ ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ പാര്‍ടി ഘടകങ്ങളും സജീവമായി പങ്കാളികളാകണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News