ദില്ലി : മികച്ച ഭരണ നിര്‍വ്വഹണത്തില്‍ രാജ്യത്ത് ഒന്നാമതെത്തി കേരളം. തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. ബീഹാര്‍ ആണ് ഭരണ നിര്‍വഹണ കാര്യത്തില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം. 2017ലെ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡെക്‌സിലാണ് മറ്റ് സംസ്ഥാനങ്ങളെ പിന്തള്ളി കേരളം രാജ്യത്തിന് മാതൃകയാവുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്.
സൂചിക അനുസരിച്ച് കേരളത്തിനും തമിഴ്‌നാടിനും പിന്നിലാണ് ഗുജറാത്ത്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഗുജറാത്ത് മൂന്നാമതെത്തിയത്. കര്‍ണാടക രണ്ട് സ്ഥാനം നഷ്ടപ്പെട്ട് അഞ്ചാമതെത്തി. മഹാരാഷ്ട്ര നാലാം സ്ഥാനത്ത് തുടരുകയാണ്. അസം, ഒഡിഷ, താര്‍ഖണ്ഡ് എന്നിവയാണ് ബീഹാറിന് മുന്നിലുള്ള മോശം സംസ്ഥാനങ്ങള്‍.
മാനവ വികസനത്തില്‍ കേരളം, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയവയാണ് ഇതില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്. ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ഇതില്‍ പിന്നിലാണ്. സാമൂഹിക സുരക്ഷാ നയങ്ങള്‍ നടപ്പാക്കുന്നതിലും കേരളം ഒന്നാമതാണ്. അസം, മധ്യപ്രദേശ് എന്നിവയാണ് കേരളത്തിന് തൊട്ടുപിന്നിലുള്ളത്. തെലങ്കാന, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്ര സംസ്ഥാന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഏറ്റവും പിന്നിലാണ്.
സമൂഹത്തില്‍ സംരക്ഷണം ആവശ്യമുള്ളവരുടെ പട്ടികയിലാണ് കുട്ടികളും സ്ത്രീകളും. ഈ വിഭാഗത്തിലും കേരളം ഒന്നാമതാണ്. ഒഡിഷ, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ കേരളത്തിന് തൊട്ടുപിന്നിലുണ്ട്. താര്‍ഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ പ്രകടനം ഈ വിഭാഗത്തില്‍ ഏറ്റവും മോശമാണ്.
ബംഗളുരു ആസ്ഥാനമായ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ ആണ് സര്‍വേ വിവരങ്ങള്‍ പുറത്തുവിട്ടത്. അവശ്യ അടിസ്ഥാന സൗകര്യം, സാമൂഹ്യ സുരക്ഷ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, മാനവ വികസനം, കുറ്റകൃത്യം, ക്രമസമാധാനം, നീതി നിര്‍വഹണം, പരിസ്ഥിതി, ഭരണ സുതാര്യത തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം നടത്തിയത്.
മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എംഎന്‍ വെങ്കടചലയ്യ ആണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. പത്ത് സാഹചര്യങ്ങള്‍, 26 പ്രത്യേക വിഷയങ്ങള്‍, 82 സൂചകങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വേ സംഘടിപ്പിച്ചത്. രണ്ട് കോടിയില്‍ താഴെ ജനസംഖ്യയുള്ള സംസ്ഥാനങ്ങളും അതിന് മുകളിലുള്ളവയുമായി പട്ടിക തിരിച്ചു.
Get real time update about this post categories directly on your device, subscribe now.