മലപ്പുറം : മലബാര്‍ ദേവസ്വം നിയമത്തില്‍ കാലികമായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആവശ്യമായ പഠനം നടത്താന്‍ വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് അടുത്ത നിയമസഭാ സമ്മേളനത്തില്‍ കുറ്റമറ്റ നിയമ നിര്‍മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
പിന്നോക്കം നില്‍ക്കുന്ന ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്. ഇതിന്റെ ഭാഗമായി സാമൂഹ്യ പെന്‍ഷനുകളെല്ലാം കുടിശ്ശികയില്ലാതെ വീട്ടിലെത്തിച്ച് നല്‍കി. പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി മേഖലയിലെ കുടുംബങ്ങള്‍ പട്ടിണിയിലാകാതിരിക്കാന്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കി.
സംസ്ഥാന രൂപീകരണത്തിനുശേഷം സാമൂഹ്യപുരോഗതിയില്‍ വലിയ മാറ്റങ്ങളുണ്ടായെങ്കിലും സാമ്പത്തിക അസന്തുലിതാവസ്ഥയില്‍ മാറ്റമുണ്ടായിട്ടില്ല. എന്നാല്‍, ഇവിടെയുള്ള ജനാധിപത്യ വിദ്യാഭ്യാസക്രമം രാജ്യത്ത് മറ്റെവിടെയുമില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജാതിയുടെയോ, മതത്തിന്റെയോ അടിസ്ഥാനത്തില്‍ സംഘടിക്കാതെ വര്‍ഗപരമായി സംഘടിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പുഷ്പക ബ്രാഹ്മണ സേവാസംഘം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
Get real time update about this post categories directly on your device, subscribe now.