സഹപ്രവര്‍ത്തകയെ ശല്യപ്പെടുത്തിയ തലസ്ഥാനത്തെ ഞരമ്പനെ ബ്ലൂ ആര്‍മി പൊക്കി; നല്ലനടപ്പ് ഏറ്റുവാങ്ങിയ യുവാവ് നല്‍കിയത് 20 കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍; കേരള സൈബര്‍ വാരിയേഴ്‌സ് ഞരമ്പന്‍ വേട്ട തുടരുന്നു

തിരുവനന്തപുരം : സഹപ്രവര്‍ത്തകയെ നിരന്തരം ശല്യപ്പെടുത്തിയ ഞരമ്പനെ കേരള സൈബര്‍ വാരിയേഴ്‌സിന്റെ ബ്ലൂ ആര്‍മി പൊക്കി. തിരുവനന്തപുരം സ്വദേശിയായ യുവാവിന് ബ്ലൂ ആര്‍മി നല്ലനടപ്പ് വിധിച്ചു. മാനസാന്തരം വന്ന ചെറുപ്പക്കാരന്‍ ശിക്ഷ ഏറ്റുവാങ്ങിയശേഷം വാങ്ങി നല്‍കിയത് 20 സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍.

സഹപ്രവര്‍ത്തകനായ യുവാവില്‍നിന്ന് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ ലഭിച്ച യുവതിയാണ് കേരള സൈബര്‍ വാരിയേഴ്‌സിന് പരാതി നല്‍കിയത്. ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു ഇയാളുടെ പ്രധാന ഹോബി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കെസിഡബ്ല്യൂ ഞരമ്പനെ പൊക്കിയത്. ശല്യം അവസാനിപ്പിച്ചില്ലെങ്കില്‍ വിവരങ്ങള്‍ പുറത്തുവിടും എന്ന് അറിയിച്ചു. ശിക്ഷയായി നല്ല നടപ്പും വിധിച്ചു.

മലബാറിലെ ഗ്രാമീണ മേഖലയിലുള്ള ഒരു സ്‌കൂളിലെ 20 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് പഠനോപകരണങ്ങളുമായി സ്‌കൂളിലെത്തി. ബാഗ്, നോട്ടുബുക്കുകള്‍ അടക്കമുള്ളവയാണ് ഇയാള്‍ കൈമാറിയത്. ഇതിന്റെ ചിത്രങ്ങള്‍ യുവാവ് കേരള സൈബര്‍ വാരിയേഴ്‌സിന് അയച്ചുകൊടുക്കുകയും ചെയ്തു.

സ്‌കൂളിലെ അധ്യാപകനെ കേരള സൈബര്‍ വാരിയേഴ്‌സിന്റെ ബ്ലൂ ആര്‍മി ബന്ധപ്പെട്ടു. 20 കുട്ടുകള്‍ക്കുള്ള പഠനോപകരണങ്ങള്‍ യുവാവ് ഏല്‍പ്പിച്ചുവെന്ന് അധ്യാപകന്‍ സ്ഥിരീകരിച്ചു. സൈബര്‍ വാരിയേഴ്‌സിന്റെ നിര്‍ദ്ദേശിക്കാതെ തന്നെ കുറച്ചുതുക സ്‌കൂളിന് സംഭാവനയായും നല്‍കി. എല്ലാവര്‍ഷവും 20 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു.

സമകാലിക വിഷയങ്ങളില്‍ സൈബര്‍ ആക്രമണത്തിലൂടെ പ്രതികരിക്കുന്ന ഒരുകൂട്ടം മലയാളി ഹാക്കര്‍മാരാണ് കേരള സൈബര്‍ വാരിയേഴ്‌സ്. പാകിസ്താന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ക്കെതിരെ നിരന്തര ആക്രമണമാണ് ഇവര്‍ നടത്തുന്നത്. പാകിസ്താന്റെ ആയിരക്കണക്കിന് വെബ്‌സൈറ്റുകളാണ് കേരള സൈബര്‍ വാരിയേഴ്‌സിന്റെ ബ്ലൂ ആര്‍മി തകര്‍ത്തത്.

ഇതിന് പിന്നാലെയാണ് കേരളത്തിലെ ഞരമ്പന്മാരെ ലക്ഷ്യമിട്ട് ബ്ലൂ ആര്‍മി വേട്ട തുടരുന്നത്. പിടിക്കപ്പെടുന്ന ഞരമ്പന്മാര്‍ക്ക് നല്ലനടപ്പും പഠനോപകരണ വിതരണം, തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണം, രോഗികള്‍ക്ക് സഹായം തുടങ്ങിയവയാണ് കേരള സൈബര്‍ വാരിയേഴ്‌സ് നല്‍കുന്ന ശിക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here