ദൃശ്യവിരുന്ന് സമ്മാനിച്ച രാമന്റെ ഏദന്‍തോട്ടം അഥവാ പ്രണയ – കുടുംബ ചിത്രം; വിനീത വിജയന്റെ ചലച്ചിത്ര നിരൂപണം

രഞ്ജിത്ത് ശങ്കര്‍ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് രാമന്റെ ഏദന്‍തോട്ടം. ബന്ധങ്ങള്‍ക്ക് വില നല്‍കുന്ന ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകന്‍ എന്നാണ് രഞ്ജിത്ത് ശങ്കര്‍ പൊതുവേ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ മുന്‍കാല സിനിമകള്‍ പരിശോധിച്ചാല്‍ ഈ വിശേഷണം സത്യമെന്ന് കാണാം. കുഞ്ചാക്കോ ബോബനും അനുസിത്താരയും ശ്രീജിത്ത് രവിയും മുത്തുമണിയും ജോജുവും പിഷാരടിയും അജു വര്‍ഗീസും എല്ലാം ചിത്രത്തില്‍ അണിനിരക്കുന്നു.

ഏദന്‍തോട്ടം എന്ന റിസോര്‍ട്ടിന്റെ ഉടമയായ രാം എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. നായകന്റെ ജീവിത ശൈലിയാണ് ഈ കഥാപാത്രത്തിന്റെ പുതുമ. കാടിനെ ഒരു അനുഭവമാക്കി; ആ അനുഭവം അത്രമേല്‍ ആസ്വദിച്ച്, ഹൃദയത്തിലേക്ക് ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്ന ആളാണ് രാം എന്ന രാമന്‍. 500 ഏക്കറുള്ള ഒരു കാടിനുള്ളില്‍ ‘ഏദന്‍തോട്ടം’ എന്ന റിസോര്‍ട്ട് നടത്തുന്നുണ്ട് രാം.

ജാപ്പനീസ് ബോട്ടണിസ്റ്റ് ആയ അകിര മിയാകിയുടെ ആരാധകന്‍ ആണ് നായകന്‍. അദ്ദേഹത്തെ പോലെ ആവശ്യക്കാര്‍ക്ക് അര്‍ബന്‍ ഫോറസ്റ്റ് നിര്‍മിച്ചു കൊടുക്കുകയും ചെയ്യുന്നു. ആ ജീവിതത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടാണ് രാമന്‍ ഈ ജീവിതശൈലി തിരഞ്ഞെടുത്തത്. അകാലത്തില്‍ നഷ്ടപ്പെട്ടുപോയ ഭാര്യയുടെ ഓര്‍മ്മതുടിപ്പുകളുമായ് അവളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ച് ജീവിക്കുന്ന ഒരു 40കാരന്‍.

സര്‍വ്വവിധ സൗകര്യങ്ങളുമുള്ള പട്ടണത്തില്‍ നിന്നും ഏദന്‍തോട്ടത്തില്‍ വെക്കേഷന്‍ ആഘോഷിക്കാന്‍ എത്തുന്ന നായികയാണ് മാലിനി. അനുസിത്താരയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അവര്‍ തമ്മില്‍ ഉടലെടുക്കുന്ന പ്രണയം ആണ് ചിത്രത്തിന്റെ പ്രമേയം. എങ്കിലും, ഇതൊരു ക്ലീഷേ പ്രണയ കഥ അല്ല. പക്വതയാര്‍ന്ന പ്രണയം എന്ന് പറയാം.

തങ്ങളിലെ തങ്ങളെ തിരിച്ചറിഞ്ഞു, ബന്ധങ്ങളുടെ വില തരിമ്പു പോലും നഷ്ടപ്പെടുത്താതെയുള്ള പ്രണയം. അപ്പോഴും പറഞ്ഞു വയ്‌ക്കേണ്ട ഒന്നുണ്ട്. ഇതൊരു പ്രണയചിത്രം മാത്രമല്ല, കുടുംബബന്ധങ്ങളും അതിന്റെ തീവ്രതയും വന്നു പോകുന്നുണ്ട് സിനിമയില്‍.

ചെറുപ്പകാലത്ത് തൊട്ടു സ്വപ്നം കണ്ടിരുന്ന ഒരു ജീവിതം കിട്ടാതിരുന്നിട്ട് കൂടി, തന്റെ സ്വപ്നങ്ങള്‍ പലതും മറക്കേണ്ടി വന്നിട്ടും, മാറ്റിവയ്‌ക്കേണ്ടി വന്നിട്ടും പരാതി ഇല്ലാതെ ജീവിച്ച വീട്ടമ്മയായ മാലിനി. തന്റെ ആത്മാഭിമാനം പോലും പണയപ്പെടുത്തി, കുടുംബത്തിനുള്ളില്‍ വീര്‍പ്പുമുട്ടി കഴിയുന്ന ഒരു സാധാരണ വീട്ടമ്മയില്‍ നിന്നും തന്റെ ആത്മാഭിമാനം വീണ്ടെടുത്ത്, കരുത്താര്‍ജ്ജിച്ച പെണ്ണ് ആകുന്നിടത്ത് സ്ത്രീശാക്തീകരണത്തിന്റെ ഏറെ തലങ്ങള്‍ നമുക്ക് കാണാം.

തന്നെ ചവിട്ടി താഴ്ത്തിയ പല നിമിഷങ്ങളും, പല കാര്യങ്ങളും നായിക തിരിച്ചു പിടിക്കുന്നത് കാണാം. ഡ്രൈവിംഗ് അതിനു ഒരു ഉദാഹരണം മാത്രം.

അതിസുന്ദരമായ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. കാവ്യാത്മകത നിറഞ്ഞു തുളുമ്പുന്ന വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മയാണ്. വരികള്‍ക്ക് അലങ്കാരമാകുന്നുണ്ട് ബിജിബാലിന്റെ സംഗീതം. ശ്രേയ ഘോഷാല്‍ പാടിയ ‘അകലെ ഒരു കാടിന്റെ…’ അതിസുന്ദരമായിരിക്കുന്നു. രാജലക്ഷ്മിയും സൂരജ് സന്തോഷുമാണ് മറ്റു പാട്ടുകള്‍ പാടിയിരിക്കുന്നത്.

‘കവിത എഴുതുന്നു…’ എന്ന് തുടങ്ങുന്ന ഗാനം ഒരു കവിത പോല്‍ മനോഹരവും.. ‘മാവിലക്കുടില്‍…’ എന്ന ഗാനവും നല്ല നിലവാരം പുലര്‍ത്തുന്നു. പ്രകൃതിയോടും പ്രണയത്തോടും അതിന്റെ നന്മയിലേക്കും കരുതലിലേക്കും ഒക്കെ ചേര്‍ന്ന് നില്‍ക്കുന്ന വരികളാണ് എല്ലാ ഗാനങ്ങളുടെയും.

എടുത്തു പറയേണ്ട ഒന്നാണ് മധു നീലകണ്ഠന്റെ ഛായാഗ്രഹണം. എന്ത് ഭംഗിയാണ് ഓരോ ഫ്രെയിമുകള്‍ക്ക്. കാടും പുഴയും പച്ചപ്പും സുന്ദരമായി ഒപ്പിയെടുത്തു. ആ പശ്ചാത്തലം ഈ പ്രണയകഥയ്ക്ക് മാറ്റ് കൂട്ടുന്നു.

ജോജു ജോര്‍ജ് ആണ് മാലിനിയുടെ ഭര്‍ത്താവായ എല്‍വിസ് എന്ന കഥാപാത്രം ചെയ്തത്. പരസ്ത്രീ ബന്ധങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന ഭര്‍ത്താവാണ് എല്‍വിസ്. ഭാര്യയോടുള്ളത് സ്‌നേഹവും മറ്റു പെണ്ണുങ്ങളോടുള്ളത് കാമവും എന്ന് പറയുന്നിടത്ത് ആ ഭര്‍ത്താവിന്റെ ചിത്രം കൂടുതല്‍ വ്യക്തമാകുന്നു. അത് പോലൊരു ബന്ധം സ്വന്തം ഭാര്യക്ക് സംഭവിച്ചാലും, രണ്ടും കയ്യും നീട്ടി സ്വീകരിക്കും എന്ന് മദ്യപാന വേദികളില്‍ വീമ്പിളക്കാന്‍ മാത്രമേ പറ്റൂ എന്നും ചിത്രം കാട്ടി തരുന്നുണ്ട്. നല്ല കയ്യടക്കത്തോടെയുള്ള പ്രകടനം കാഴ്ച വയ്ക്കാന്‍ ജോജുവിനായി.

നായകന്‍ ചേര്‍ത്തുനിര്‍ത്തുന്ന ഉറ്റ സുഹൃത്തായ വര്‍മാജി എന്ന കഥാപാത്രം ആയാണ് പിഷാരടി എത്തുന്നത്. പിഷാരടിയുടെ വളരെ തന്മയത്തത്തോടെ ഉള്ള നര്‍മ്മങ്ങളും കുസൃതികളും എടുത്തു പറയേണ്ട ഒന്നാണ്. കുടുംബക്കാരനായ സുഹൃത്ത്, ശത്രുഘ്‌നന്‍ ആയാണ് അജുവര്‍ഗീസ് എത്തുന്നത്. ശ്രീജിത്ത് രവിയും മുത്തുമണിയും എല്ലാം തങ്ങളുടെ ഭാഗങ്ങള്‍ നന്നാക്കിയിട്ടുണ്ട്. ഗസ്റ്റ് റോളില്‍ എത്തുന്ന ജയസൂര്യ ആണ് മറ്റൊരു പ്രത്യേകത. ചിത്രത്തില്‍ ഒരിടത്തും പ്രത്യക്ഷപ്പെടാത്ത ഒരു കഥാപാത്രം കൂടി ചിത്രത്തില്‍ ഉണ്ട്, പേര്‍ളി മാണി…!

ചിത്രത്തിലെ പല ഡയലോഗുകളും ശ്രദ്ധേയമാണ്. ആദ്യ ഭാഗത്ത് രാമന്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്, ‘കാട് കാണാന്‍ ക്യാമറ ആവശ്യമില്ല’ എന്ന്. അത് പോലെ പിഷാരടി പറയുന്ന മറ്റൊരു ഡയലോഗ് ഉണ്ട്, ‘എനിക്ക് ഇവിടത്തെ വെയില്‍ പറ്റൂല്ല, ദുബയിലെയെ പറ്റൂ’. ചിന്തിക്കാന്‍ എന്തൊക്കെയോ തുണ്ടുകള്‍ ബാക്കി ആക്കുന്നുണ്ട് ഈ വരികളൊക്കെയും.

‘I wish I disappear and remain here’ എന്ന് പറയുന്നിടത്ത് സ്‌നേഹത്തിന്റെ പറയാതെ പറയുന്ന അലയൊലികള്‍ കേള്‍ക്കാം. ‘നമുക്കായ് കുറിക്കുന്ന 2 വരിയുടെ സുഖം’ എന്ന് പറയുന്നിടത്ത് ഫോണിലും മൊബൈലിലും ഒന്നും കിട്ടാത്ത സുഖകരമായ കത്തുകളുടെ കാലം ഓര്‍മ്മിപ്പിക്കുന്നുണ്ട് ചിത്രം. ‘Because I cant have you’ എന്ന്! പറയുന്നിടത്ത് സ്വന്തമാക്കാന്‍ കഴിയാത്ത പ്രണയത്തിന്റെ വേദന കാണാം. അറിയാം.

‘ഓടി ഓടി വയ്യതാകുമ്പോ ഇങ്ങോട്ട് വന്നാല്‍ മതി , ഞാന്‍ ഇവിടെ ഉണ്ടാകും’ എന്ന് പറയുന്നിടത്ത് കരുതലിന്റെ കനിവ് നിറയുന്നത് കാണാം. ‘എന്തിനാണ് എന്നോട് ക്ഷമിച്ചുന്നു പറഞ്ഞത്?’ എന്ന ഒറ്റ ചോദ്യത്തില്‍ ഉയരുന്നത് എത്ര എത്ര നിശബ്ദ ചോദ്യങ്ങള്‍ ആണ്.

ഈ ചിത്രത്തിന്റെ അവസാന ഭാഗത്ത് . ‘സെല്‍ഫ് റെസ്പക്റ്റ് എന്നുള്ളത് എനിക്കൂല്ലേ’ എന്നു പറഞ്ഞു തിരിഞ്ഞു നടക്കുന്ന മാലിനിക്ക് ജയിച്ചു കേറുന്ന ഒരു സ്ത്രീയുടെ ഭാവം. പശ്ചാത്തലത്തില്‍ അവളുടെ പാഷന്‍ ആയ നൃത്തവും ആ നിമിഷത്തിനു അഴക് കൂട്ടി.

എടുത്തു പറയേണ്ട മറ്റൊന്നാണ് കോസ്റ്റ്യൂംസ്. രാമന്റെയും മാലിനിയുടെയും വസ്ത്രങ്ങള്‍ വളരെ നന്നായി തിരഞ്ഞെടുത്തിരിക്കുന്നു. നല്ല കോമ്പിനേഷനുകള്‍ കഥാപാത്രങ്ങള്‍ക്ക് നന്നായി ഇണങ്ങിയിരിക്കുന്നു. അരുണ്‍ മനോഹറിനു അഭിമാനിക്കാം. ഒപ്പം മാലിനിയുടെ ആഭരണങ്ങളും ഗംഭീരം.

സൗണ്ട് ഡിസൈന്‍ തപസ് നായക് ആണ്. നന്നായി തന്നെ ചെയ്തു. തിരക്കഥയില്‍, തീര്‍ച്ചയായും, ഒരുപാട് പോരായ്മകള്‍ ഉണ്ടായിരുന്നു. മരിച്ചു പോയ ഭാര്യയും മാലിനി എന്ന പേരും ഒരു ക്ലീഷേ ഫീല്‍ ഉണര്‍ത്തി. പിന്നെ, രാമനെ ശരിക്കും ഒരു മര്യാദ രാമനാക്കി കളഞ്ഞോ എന്ന അതിശയോക്തിയും ബാക്കി വൈക്കുന്നുണ്ട് സിനിമ.

എങ്കിലും ആ പോരായ്മകള്‍ ഒക്കെയും ഒരു പരിധി വരെ മായ്ക്കാന്‍ അതിസുന്ദരമായ ദൃശ്യവിരുന്നിലൂടെ കഴിഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണം എന്ന്’ പറയാവുന്ന’ ഒരു വിഷയം വളരെ ലളിതമായി, എന്നാല്‍ അതിന്റെ രസച്ചരടുകള്‍ പൊട്ടിപോകാതെ നന്നായി പറഞ്ഞിരിക്കുന്നു ചിത്രത്തില്‍.

ചുരുക്കി പറഞ്ഞാല്‍ ഒരു നല്ല പ്രണയ, കുടുംബ ചിത്രം എന്ന് വിശേഷിപ്പിക്കാം ഈ ഏദന്‍തോട്ടം.

ചിത്രം കണ്ടിറങ്ങുമ്പോള്‍ ഞാനും പറഞ്ഞു, ‘Yes, people come and depart for a reason.’

വിനീത വിജയന്‍

എറണാകുളം ഇരുമ്പനം സ്വദേശി. ചലച്ചിത്ര നിരൂപക, സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News