
മംഗളൂരു : സ്വാതന്ത്ര്യ സമരത്തെ ഒറ്റികൊടുത്ത ചരിത്രമുള്ള ആര്‍എസ്എസിന്റെ രാജ്യസ്‌നേഹം സ്വീകരിക്കാന്‍ സൗകര്യമില്ലെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഭഗത്സിങ്ങിന്റെ പിന്മുറക്കാരാണ് ഞങ്ങളെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
സ്വതന്ത്ര്യസമര പോരാട്ടത്തില്‍ ആര്‍എസ്എസ് എന്തെങ്കിലും പങ്ക് വഹിച്ചില്ല എന്നു മാത്രമല്ല സമരത്തെ ഒറ്റുകൊടുക്കുകയായിരുന്നു എന്ന് ചരിത്രം പഠിക്കുന്നവര്‍ക്ക് മനസിലാകും. ആ ആര്‍എസ്എസിന്റെ രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ആവശ്യമില്ല.
സ്വാതന്ത്യ്രസമരത്തില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ് ഇന്ത്യയിലെ മുസ്ലിം സമുദായം. വിഭജനകാലത്ത് പാകിസ്താനിലേക്ക് പോകാതെ ഇന്ത്യയില്‍ തങ്ങിയത് അവര്‍ മതേതരത്വത്തെ മുറുകെ പിടിക്കുന്നതു കൊണ്ടാണ്. – മുഹമ്മദ് റിയാസ് പറഞ്ഞു.
മതേതരത്വം സംരക്ഷണത്തിന്റെ മുന്നണി പോരാളികളായ സീതാറാം യെച്ചൂരി, പിണറായി വിജയന്‍ തുടങ്ങിയവരെ രാജ്യത്തുടനീളം തടയാനാണ് സംഘപരിവാര്‍ ശ്രമം. പിണറായിയുടെ തലവെട്ടുന്നവര്‍ക്ക് ഹൈദരാബാദിലെ സംഘപരിവാര്‍ നേതാവ് ഒരു കോടി ഇനാം പ്രഖ്യാപിച്ചതും നാം കണ്ടു. തല വെട്ടുന്നതല്ല ധീരത, നീതിക്കായുള്ള പോരാട്ടത്തില്‍ സ്വന്തം തല ത്യജിക്കുന്നതാണ് ധീരതയെന്നാണ് ഡിവൈഎഫ്‌ഐ കരുതുന്നത്.
നവ ഉദാരവല്‍കരണത്തിനെതിരെയുള്ള രോഷപ്രകടനമാണ് 2014ലെ തെരഞ്ഞെടുപ്പില്‍ കണ്ടത്. നിര്‍ഭാഗ്യവശാല്‍ അതിന്റെ നേട്ടം കിട്ടിയത് അതേ നയം പിന്‍തുടരുന്ന ബിജെപിക്കാണ്. ഇതിന്റെ ഫലമായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പതിനായിരകണക്കിന് കര്‍ഷകരാണ് ജീവന്‍ വെടിഞ്ഞത്. തൊഴിലില്ലായ്മ അതിരൂക്ഷമായി. യുവാക്കള്‍ക്ക് യോഗ്യതക്കനുസരിച്ചുള്ള ജോലി കിട്ടാതായി.
ഏത് തലത്തില്‍ നോക്കിയാലും രാജ്യത്ത് ജനജീവിതം ദുഷ്‌കരമായി. ഇതില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ തന്നെ മതവര്‍ഗീയത സ്‌പോണ്‍സര്‍ ചെയ്യുകയാണ്. സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ആര്‍എസ്എസ് ഹിന്ദുരാജ്യം കെട്ടിപ്പടുക്കനായി മറ്റു മതവിഭാഗങ്ങളെ അക്രമിക്കുകയാണ്.
ന്യൂനപക്ഷങ്ങളൊടൊപ്പം രാജ്യത്തെ ദളിത്, പിന്നോക്കവിഭാഗങ്ങളും കടുത്ത പ്രയാസത്തിലാണ്. അതുകൊണ്ടാണ് ഇത്തരത്തില്‍ പ്രയാസം അനുഭവിക്കുന്ന വിഭാഗങ്ങളുടെ പ്രത്യേക കണ്‍വെന്‍ഷന്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്നത്. ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചെറിയ വിഭാഗം ആളുകളുണ്ട് അവര്‍ രാജ്യവിരുദ്ധര്‍ മാത്രമല്ല ഇസ്ലാം വിരുദ്ധര്‍ കൂടിയാണ്.
ആര്‍എസ്എസിന് ശക്തി പകരുകയാണ് ഇത്തരക്കാര്‍. ആര്‍എസ്എസിന്റെ മറ്റൊരു വകഭേദമാണ് ഇവര്‍. അസഹിഷ്ണുതയല്ല സഹിഷ്ണുതയാണ് തങ്ങളുടെ പാതയെന്നാണ് അന്ത്യ പ്രവാചകന്‍ പറഞ്ഞിട്ടുള്ളത്. കാശമീരില്‍ നിന്നുമുയരുന്ന ഏല്ലാ ശബ്ദങ്ങളും രാജ്യവിരുദ്ധമാണെന്ന അഭിപ്രായം ഡിവൈഎഫ്‌ഐക്കില്ല.
രാജ്യത്തിന് പോരാടുന്ന സൈനികരെ സല്യൂട്ട് ചെയ്യുന്നു. എന്നാല്‍ സ്ത്രീകള്‍ക്കെതിരെ ഉയരുന്ന അതിക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ അല്ല ‘സര്‍ക്കാരിന് താല്‍പര്യം. അത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയമാണ് സര്‍ക്കാര്‍ പിന്‍തുടരുന്നത്. – റിയാസ് പറഞ്ഞു.
കര്‍ണാടക ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ന്യൂനപക്ഷ യുവജനസമ്മേളനം മംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു റിയാസ്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് മുനീര്‍ കാട്ടിപള്ള അധ്യക്ഷനായി. എഴുത്തുകാരായ ദിനേഷ് അമീന്‍ മട്ട്, റഹ്മത് തരിക്കരെ, സിപിഐഎം സംസ്ഥാന സെക്രട്ടറി ജിവി ശ്രീറാം റെഡ്ഡി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി രാജശേഖര്‍ മൂര്‍ത്തി എന്നിവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here