സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ പ്രയാര്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ നോക്കിയിരിക്കില്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വര്‍ഗീയതയ്ക്ക് നിരന്തരം എണ്ണ പകരുന്നുവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മതപാഠശാല തുടങ്ങുമെന്നാണ് പ്രയാര്‍ പറയുന്നത്. അതില്‍ കുട്ടികളെ വിടാത്തവരെ ക്ഷേത്ര സംരക്ഷണ സമിതിയില്‍ അംഗങ്ങളാക്കില്ലെന്നും ആവര്‍ത്തിച്ച് പറയുന്നതും എന്തടിസ്ഥാനത്തിലാണെന്നും ദേവസ്വം മന്ത്രി ചോദിച്ചു.

ക്ഷേത്രങ്ങളിലെ ദൈനംദിന ഭരണ കാര്യങ്ങള്‍ നടത്താനുള്ള ചുമതലയേ ബോര്‍ഡിനുള്ളൂ. അതിനപ്പുറം കടന്ന് സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ പ്രയാര്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ നോക്കിയിരിക്കുമെന്ന് കരുതേണ്ട. യുഡിഎഫ് നിയോഗിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിരന്തരം വര്‍ഗീയതയ്ക്ക് എണ്ണ പകരുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ക്ഷേത്ര ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നിലവിലുള്ള മാനദണ്ഡങ്ങളിലും ഘടനയിലും മാറ്റം വരുത്താന്‍ പ്രയാര്‍ ഗോപാലകൃഷ്ണനും സംഘത്തിനും യാതൊരു അധികാരവുമില്ല. നിലവിലെ കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതിലൊന്നും പറയാനില്ലേയെന്നും കടകംപള്ളി ചോദിച്ചു.

ദേവസ്വം ബോര്‍ഡിലെ അഴിമതി തടയാനും ആരോപണ വിധേയനായ ദേവസ്വം സെക്രട്ടറി വിഎസ് ജയകുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താനും അടിയന്തര നടപടി സ്വീകരിക്കുകയാണ് ബോര്‍ഡ് പ്രസിഡന്റ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചെയ്യേണ്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here