ഗവര്‍ണറെ ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്ന് സിപിഐഎം; കേന്ദ്രത്തെ ഇടപെടുത്താനുള്ള ശ്രമം ഹീനവും ജനാധിപത്യ വിരുദ്ധവും; അഫ്‌സ്പ ആവശ്യം സാമാന്യബോധമുള്ളവര്‍ തള്ളുമെന്നും കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : നിര്‍ഭാഗ്യകരമായ രാമന്തളി കൊലപാതകത്തിന്റെ മറവില്‍ ബിജെപി ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് കേന്ദ്ര ഭരണ ഇടപെടല്‍ നടത്തിക്കാനുള്ള ബിജെപി ശ്രമം അത്യന്തം ഹീനവും ജനാധിപത്യ വിരുദ്ധവുമാണെന്നും കോടിയേരി പറഞ്ഞു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുള്ള സൈനിക നിയമമായ അഫ്‌സ്പ കണ്ണൂരില്‍ നടപ്പാക്കണമെന്ന ബിജെപി ആവശ്യം സാമാന്യബോധമുള്ള ആരും മുഖവിലയ്‌ക്കെടുക്കില്ല. ബിജെപി നിവേദനം മുഖ്യമന്ത്രിക്ക് കൈമാറുകയും പ്രശ്‌നം കര്‍ക്കശമായും അടിയന്തിരമായും കൈകാര്യം ചെയ്യണമെന്നും ആവശ്യപ്പെടുകയും ചെയ്ത ഗവര്‍ണറുടെ നടപടിയെ ആരും പഴിക്കില്ല.

അതിനപ്പുറം നീങ്ങാന്‍ ഗവര്‍ണറെ ഭരണഘടന അനുവദിക്കുന്നുമില്ല. ക്രമസമാധാനം സംസ്ഥാന വിഷയമാണ്. രാമന്തളി കൊലപാതകത്തിന്റെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാനാണ് ബിജെപി – ആര്‍എസ്എസ് ദേശീയ ഗൂഢപദ്ധതി. ഇതിന്റെ ഭാഗമാണ് ബിജെപി ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനമെന്നും കോടിയേരി പറഞ്ഞു.

ബിജെപി നിര്‍ദ്ദേശിക്കുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. അതിന്റെ പേരില്‍ ഗവര്‍ണറെ പരസ്യമായി അധിക്ഷേപിക്കുന്ന ബിജെപി നിലപാട് തികഞ്ഞ ഏകാധിപത്യ പ്രവണതയാണ്. പട്ടാള നിയമം നടപ്പാക്കേണ്ടവിധത്തില്‍ കേരളത്തിലിലൊരിടത്തും ക്രമസമാധാന നില തകര്‍ന്നിട്ടില്ല.

കണ്ണൂരില്‍ തന്നെ ചില ഘട്ടങ്ങളില്‍ പട്ടാളത്തെയിറക്കുകയും ടാഡയും പോട്ടയും ഉള്‍പ്പെടെയുള്ള കേന്ദ്രനിയമങ്ങള്‍ സിപിഐഎം നെതിരെ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടൊന്നും സിപിഐഎമ്മിനെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. കണ്ണൂരില്‍ സമാധാനം പുലരുന്നതിനാണ് സിപിഐഎം നിലകൊള്ളുന്നത്.

മുഖ്യമന്ത്രി മുന്‍കൈയ്യെടുത്ത് നടത്തിയ സമാധാന യോഗത്തിലും സിപിഐഎം, ആര്‍എസ്എസ് – ബിജെപി നേതാക്കള്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലും സമാധാനം സംരക്ഷിക്കാനുള്ള തീരുമാനമാണ് എടുത്തത്. ഏതുസാഹചര്യത്തിലും അതില്‍ ഉറച്ച് നിന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അത് ലംഘിക്കാന്‍ പാടില്ലെന്നും കോടിയേരി പറഞ്ഞു.

സിപിഐഎം പ്രവര്‍ത്തകര്‍ ആ തീരുമാനം നടപ്പില്‍ വരുത്താന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണം. സിപിഐഎം പ്രവര്‍ത്തകരുടെ മുന്‍കൈയ്യില്‍ ഒരു അക്രമ സംഭവവും ഉണ്ടാകാന്‍ പാടില്ല. പാര്‍ടിയ്‌ക്കെതിരെ ഉയരുന്ന പ്രകോപനങ്ങളില്‍ ആരും കുടുങ്ങരുത്. ആത്മസംയമനം പാലിച്ച് സമാധാനത്തിന് വേണ്ടി നിലകൊള്ളണമെന്നാണ് എല്ലാ പ്രവര്‍ത്തകരോടും സിപിഐഎം സംസ്ഥാനകമ്മിറ്റിക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും കോടിയേരി പറഞ്ഞു.

രാമന്തളി കൊലപാതകത്തില്‍ സിപിഐഎമ്മുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാര്‍ടി പയ്യന്നൂര്‍ ഏര്യാകമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ദൗര്‍ഭാഗ്യകരമായ സംഭവത്തെ ഉപയോഗിച്ച് സിപിഐഎമ്മിനും എല്‍ഡിഎഫ് ഗവണ്‍മെന്റിനുമെതിരെ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ബിജെപിയും ആര്‍എസ്എസും വമ്പിച്ച പ്രചാരവേലയാണ് ദേശവ്യാപകമായി നടത്തുന്നത്. അക്രമത്തിനുള്ള തറയൊരുക്കം കൂടിയാണിത്.

എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് 12 സിപിഐഎം പ്രവര്‍ത്തകരെ ബിജെപി – ആര്‍എസ്എസ് സംഘം കൊലപ്പെടുത്തി. സിപിഐഎമ്മിന്റെ നൂറോളം പാര്‍ടി ആഫീസുകള്‍ തകര്‍ത്തു. 200ല്‍ പരം പാര്‍ടി പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിച്ച് നശിപ്പിച്ചു. 500ലെറെ പ്രവര്‍ത്തകരെ വിവിധ രൂപത്തില്‍ പരുക്കേല്‍പ്പിക്കുകയും ചെയ്തു.

ഇപ്രകാരം ഒരു ഭാഗത്ത് അക്രമം അഴിച്ചുവിടുന്നവര്‍ തന്നെ മറുഭാഗത്ത് സിപിഐഎമ്മിനെതിരെ അക്രമ മുറവിളി നടത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ ഇതര സംസ്ഥാനങ്ങളില്‍ തടയാന്‍ ശ്രമിക്കുകയും അദ്ദേഹത്തിനെതിരെ വധഭീഷണി മുഴക്കുകയും ചെയ്തു. രാമന്തളി സംഭവത്തിന്റെ മറവില്‍ സിപിഐഎമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ബിജെപിആര്‍എസ് പരിശ്രമം ജനങ്ങള്‍ തിരിച്ചറിയണമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here