വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തെ കാണാനെത്തിയ യോഗിയുടെ ആഡംബരം വിമര്‍ശന വിധേയമാകുന്നു

ലഖ്‌നൗ: രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച സൈനികന്റെ കുടുംബത്തെ സമാനതകളില്ലാത്ത രീതിയിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപമാനിച്ചത്. പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തുകയും ചെയ്ത ബിഎസ്എഫ് ജവാന്‍ പ്രേം സാഗറിന്റെ കുടുംബമായിരുന്നു അവഹേളനം ഏറ്റുവാങ്ങിയത്.

പ്രേം സാഗറിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി എത്തിയത് കാണേണ്ട കാഴ്ചയായിരുന്നു. യോഗിയുടെ സന്ദര്‍ശനത്തിന് മുമ്പ് ഉദ്യോഗസ്ഥരുടെ ഒരു സംഘം പ്രേമിന്റെ വീട്ടിലേക്ക് എത്തി. യോഗിക്ക് വേണ്ട അത്യാധുനിക സൌകര്യങ്ങളൊക്കെ വീട്ടിലുണ്ടോയെന്ന് പരിശോധിക്കലായിരുന്നു ലക്ഷ്യം. എന്നാല്‍ വീട്ടിലെ സൗകര്യങ്ങളില്‍ ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും തൃപ്തരായില്ല.

പിന്നെ അധികം വൈകിയില്ല. അത്യാധുനിക സൗകര്യങ്ങളെല്ലാം വീട്ടിലേക്ക് ഒഴുകിയെത്തി. എസി, പുതിയ സോഫകള്‍, കര്‍ട്ടനുകള്‍, വില കൂടിയ കാര്‍പറ്റുകള്‍, കസേരകള്‍ തുടങ്ങിയവയെല്ലാം എത്തിയതോടെ പ്രേമിന്റെ വീട് ആഡംബരപൂര്‍ണമായി. സൈനികന്റെ വീട്ടുകാര്‍ക്ക് അതെല്ലാം സ്വന്തമാകുമല്ലോ എന്ന് ആരെങ്കിലും ധരിച്ചുപോയെങ്കില്‍ അവര്‍ക്ക് തെറ്റി.

സന്ദര്‍ശനം അവസാനിപ്പിച്ച് യോഗി പടിയിറങ്ങിയതോടെ ഉദ്യോഗസ്ഥര്‍ തിരിച്ചെത്തി. മുഖ്യമന്ത്രിയുടെ സുഖസൗകര്യത്തിനായി കൊണ്ടുവന്ന എല്ലാം, കസേരയടക്കം എത്തുകൊണ്ടുപോകുകയായിരുന്നു. പ്രേമിന്റെ സഹോദരന്‍ ദയാ ശങ്കറാണ് അപമാനിക്കലിന്റെ കാര്യം പുറത്തുപറഞ്ഞത്. രാജ്യത്തിന് വേണ്ടി സൈനികര്‍ വീരമൃത്യു വരിക്കുമ്പോള്‍ അവരെ നാട് ഭരിക്കുന്നവര്‍ ഇത്തരത്തില്‍ അപമാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു

എന്തായാലും രാജ്യസ്‌നേഹത്തെക്കുറിച്ചും സൈനികരുടെ ത്യാഗത്തെക്കുറിച്ചും വര്‍ണിക്കുന്നവരുടെ യഥാര്‍ഥ മുഖമാണ് സംഭവത്തിലൂടെ പുറത്തുവന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here