തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതില്‍ മന്‍മോഹന്‍ മോദിയെക്കാള്‍ ബഹുദൂരം മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്; മോദി ഭരണത്തില്‍ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു

ദില്ലി: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഗ്ദാനങ്ങളുടെ പെരുമഴയുമായി അധികാരമേറ്റ മോദി സര്‍ക്കാരിന്റെ പകിട്ട് പുറംമോടിയില്‍ മാത്രം ഒതുങ്ങുന്നുവെന്ന് ചൂണ്ടികാട്ടുന്നതാണ് റിപ്പോര്‍ട്ട്. മോദിക്കാലത്ത് തൊഴിലവസരങ്ങള്‍ കുത്തനെ കുറയുകയാണ് ചെയ്തത്. ദില്ലി ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ‘ഇന്ത്യ എക്‌സ്‌ക്ലൂഷന്‍ 2016’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ ഭരണവുമായി താരതമ്യം ചെയ്യുമ്പോള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. പഠന റിപ്പോര്‍ട്ട് പ്രകാരം 2015ല്‍ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങള്‍ 1,35,000 ആണ്. 2011ല്‍ മന്‍മോഹന്‍ ഭരണകാലത്ത് ഇത് 9,30,000 ആയിരുന്നു. ഇക്കാര്യത്തില്‍ മോദി ഭരണത്തെക്കാള്‍ മന്‍മോഹന്‍ വളരെയേറെ മുന്നിലാണ്.

സാമൂഹിക അസമത്വം നേരിടുന്ന ദളിതരും ആദിവാസികളും മുസ്ലീങ്ങളും സ്ത്രീകളും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ നിന്നും അവഗണിക്കപ്പെടുന്നത് തുടരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാകുന്നു. വാര്‍ധക്യകാല പെന്‍ഷന്‍, ഡിജിറ്റല്‍ സൗകര്യങ്ങളുടെ ലഭ്യത, കൃഷി ഭൂമി, നിയമാനുസൃതമായ നീതി എന്നിവയാണ് സിഇഎസ് പരിശോധിച്ചത്.

ഭൂരഹിതരായ ഭൂരിപക്ഷവും ദളിത് വിഭാഗത്തില്‍പെട്ടവരാണെന്നും ചൂണ്ടികാട്ടിയിട്ടുണ്ട്. പ്രായമായവരില്‍ 40ശതമാനം ആളുകള്‍ക്ക് മാത്രമേ രാജ്യത്ത് പെന്‍ഷന്‍ ലഭിക്കുന്നുള്ളൂ. ദളിതരില്‍ 57.3 ശതമാനവും ഭൂരഹിതരാണ്. സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങളില്‍ 56.8ശതമാനവും മുസ്ലീം വിഭാഗക്കാരില്‍ 52.6 ശതമാനവും ആളുകള്‍ക്ക് സ്വന്തമായി ഭൂമിയില്ല. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കുടിയൊഴിക്കപ്പെട്ടവരില്‍ 40 ശതമാനവും ആദിവാസി വിഭാഗങ്ങളില്‍ പെട്ടവരാണെന്നും റിപ്പോര്‍ട്ട് തുറന്ന് കാട്ടുന്നു.

സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയിട്ടുണ്ട്. ദാരിദ്ര നിര്‍മ്മാര്‍ജനത്തോതിലും ചെറിയ മാറ്റങ്ങളേ വന്നിട്ടുള്ളൂ. രാജ്യം വികസനത്തിന്റെ പാതയിലാണെന്നും അതിവേഗത്തില്‍ വളരുന്നുവെന്നും പ്രധാനമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് യാഥാര്‍ഥ്യം വിളിച്ചുപറയുന്ന റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here