പരിസ്ഥിതി സംരക്ഷണത്തിന്റെ പുത്തന്‍ മാതൃക ശ്രദ്ധേയമാകുന്നു. പാലക്കാട് പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്തില്‍ ഒരു ലക്ഷം ഫലവൃക്ഷ വിത്തുകളാണ് അയ്യായിരത്തോളം വീടുകളിലും പൊതു സ്ഥലങ്ങളിലുമായി ജനകീയ കൂട്ടായ്മയില്‍ നട്ടത്.

പാലക്കാട്: വിത്ത് നട്ട് മരം വളര്‍ത്തി മനുഷ്യനും പ്രകൃതിക്കും പുതുജീവന്‍ നല്‍കുകയാണ് പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്ത്. തണല്‍ മരങ്ങളല്ല മറിച്ച് ഫലവൃക്ഷവിത്തുകള്‍ നട്ടാണ് ഈ ഗ്രാമം പരിസ്ഥിതി സ്‌നേഹത്തിന്റെ പാഠം പകര്‍ന്ന് നല്‍കുന്നത്. ഉറവ്, നല്ലഭൂമി എന്നീ പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ക്ക് ശേഷമാണ് വിത്തുഗുണം എന്ന പദ്ധതിയുടെ തുടക്കം.

മരസേനയുടെ നേതൃത്വത്തില്‍ എത്തിച്ച ഒരു ലക്ഷം വിത്തുകള്‍ ജനകീയ കൂട്ടായ്മയിലാണ് വിടുകളിലും പൊതുഇടങ്ങളിലുമായി നട്ടത്. പഞ്ചായത്തിന്റെ 50 കേന്ദ്രങ്ങളില്‍ ഇതിനായി ജലസഭയും വിളിച്ചു ചേര്‍ത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയദേവന്റെ നേതൃത്വത്തിലായിരുന്നു ഇത്.

മാവ്, പ്ലാവ്, പുളി, ഞാവല്‍ തുടങ്ങിയ ഫലവൃക്ഷ വിത്തുകളാണ് നട്ടവയില്‍ ഏറെയും. ഇവ പരിപാലിക്കാനായുളള പ്രവര്‍ത്തനങ്ങളും വരും ദിവസങ്ങളിലുണ്ടാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പരിപാടികളും സംഘടിപ്പിച്ചിരുന്നു. ജല സംരക്ഷണത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കിയാണ് വിത്തുഗുണം പദ്ധതി പഞ്ചായത്തില്‍ നടപ്പാക്കുന്നത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News