രാഷ്ട്രീയ കൊലപാതകങ്ങളെ ആരും ന്യായീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി; ശക്തമായ നടപടിയുണ്ടാകും; കുമ്മനത്തിന്റെ പോസ്റ്റും ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നതും അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട വിഷയത്തില്‍ ശകതമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഒരു രാഷ്ട്രീയ കൊലപാതകത്തേയും ആരും ന്യായികരിച്ചിട്ടില്ലെന്നതും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയാന്‍എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ബാധ്യതയുണ്ട്.

കണ്ണൂരിലെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും ഇത് സമാധാനശ്രമങ്ങളെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകങ്ങള്‍ നിയന്ത്രിക്കാന്‍ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പയ്യന്നൂര്‍ കൊലപാതകവുമായി ബന്ധമില്ലെന്ന് സിപിഐഎം ഏരിയ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പി നേതാക്കള്‍ നല്‍കിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറുകയാണ് ഗവര്‍ണര്‍ ചെയ്തത്. ഗവര്‍ണര്‍ നടപ്പാക്കിയത് ഭരണഘടനാ ചുമതലയാണ്. അതിന്റെ പേരില്‍ ബി.ജെ.പി ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ബി ജെ പിയുടെ ഫാസിസ്റ്റ് മുഖമാണ് ഇത് തുറന്ന്കാട്ടുന്നത്. കണ്ണൂരില്‍ അഫ്‌സ്പ നിയമം നടപ്പാക്കണമെന്ന ബി.ജെ.പി നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വിവാദമായ എഫ് ബി പോസ്റ്റിനെതിരേയും മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചു.സി പി ഐ എം പ്രവര്‍ത്തകര്‍ കൊലപാതക ശേഷം ആഹഌദിക്കുന്നതിന്റെയെന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ കുമ്മനം പ്രചരിപ്പിച്ച വിഡിയോ വസ്തുതാ വിരുദ്ധമാണ്. ഇത് നിയമവിരുദ്ധമാണെന്നും കേസെടുക്കേണ്ടിവരുമെന്നും പിണറായി വിവരിച്ചു.

സര്‍വകക്ഷിയോഗത്തിന് ശേഷവും കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടരുന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സി ജോസഫ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. ഗവര്‍ണറെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നടപടിയെ പ്രതിപക്ഷം അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി മാപ്പുപറയാന്‍ തയാറാകണമെന്നും കെ സി ജോസഫ് ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News