തലാഖിന് പകരം വിവാഹമോചന നിയമം കൊണ്ടുവരാന്‍ തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍; തലാഖ് മതനിരപേക്ഷ ഇന്ത്യയ്ക്ക് അംഗീകരിക്കാനാകുന്നതല്ലെന്നും വാദം

ദില്ലി : തലാഖിന് പകരം മുസ്ലീം വിവാഹമോചനങ്ങള്‍ക്കായി നിയമം കൊണ്ട് വരാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍. തലാഖ് മതനിരപേക്ഷമായ ഇന്ത്യയ്ക്ക് അംഗീകരിക്കാനാകുന്നതല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തു. മുത്തലാഖ് സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ വിപുലമായ ബെഞ്ചിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

മുത്തലാക്കിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്ന ബഞ്ചിന് മുമ്പില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അന്റോണി ജനറല്‍ മുകുള്‍ റോഹ്ത്തഗി വാദങ്ങള്‍ നിരത്തി. തലാഖിനൊപ്പം ബഹുഭാര്യത്വത്തിന്റെ നിയപരമായ നിലനില്‍പ്പും പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ഭരണഘടന ബഞ്ച് അംഗീകരിച്ചില്ല.

മതനിരപേക്ഷമായ ഇന്ത്യയ്ക്ക് അംഗീകരിക്കാനാകുന്നതല്ല മുത്തലാഖ്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങി പൗരോഹിത്യ രാജ്യങ്ങള്‍ പോലും പരിഷ്‌ക്കരണത്തിലേയ്ക്ക് മാറുമ്പോള്‍ നമ്മള്‍ ഇപ്പോഴും തര്‍ക്കിച്ച് നില്‍ക്കുകയാണെന്നും റോഹ്ത്തഗി അറിയിച്ചു.

മൂന്ന് പ്രാവശ്യം മൊഴി ചൊല്ലി വിവാഹമോചനം നേടുന്ന മുത്തലാക്കിന് പകരം മറ്റൊരു വിവാഹമോചന രീതി മുസ്ലീങ്ങള്‍ക്കില്ലെന്ന് സുപ്രീംകോടതി ചൂണ്ടികാട്ടി. മുത്തലാക്ക് നിരോധിച്ചാല്‍ പകരം മറ്റെന്ത് പോംവഴിയാണ് ഉള്ളതെന്ന് സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. ഇതിന് മറുപടിയായാണ് ജനത്തെ പെരുവഴിയില്‍ വിടില്ലെന്നും പകരം നിയമം കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും അന്റോണി ജനറല്‍ അറിയിച്ചത്.

മുത്തലാഖിനൊപ്പം ബഹുഭാര്യത്വവും നിക്കാഹ് ഹലാലും നിയമവിരുദ്ധമാണ്. ഇതിന്റെ നിയമപരമായ നിലനില്‍പ്പും പരിശോധിക്കണമെന്നും എജി ആവശ്യപ്പെട്ടു. എന്നാലിക്കാര്യം ബഞ്ച് അംഗീകരിച്ചില്ല. മുത്തലാഖിന്റെ ഭരണഘടനാ സാധുതയാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. തങ്ങള്‍ പുറപ്പെടുവിക്കുന്ന വിധി ബഹുഭാര്യത്വത്തേയും നിക്കാഹ് ഹലാലിനേയും സ്വീധിനിക്കുമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

ആവശ്യമെങ്കില്‍ ഉചിതമായ സമയത്ത് ഉചിതമായ മറ്റൊരരു ബഞ്ച് വിഷയം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. വാദം തുടരുന്നതിനിടെ സന്ദര്‍ശ ഗാലറിയിലിരുന്ന ഒരു സ്ത്രീ മുത്തലാക്കിനെതിരെ ബഹളം വച്ചത് നാടകിയ സംഭവ വികാസങ്ങള്‍ക്ക് ഇടയാക്കി.

തനിക്കും വലിയ പ്രയാസങ്ങള്‍ മുത്തലാഖ് കാരണം നേരിടേണ്ടി വന്നുവെന്നായിരുന്നു സ്ത്രീയുടെ ബഹളം. എന്നാല്‍ ഇനിയും ബഹളം തുടര്‍ന്നാല്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News