
കൊല്ലം : എസ്എന്‍ ട്രസ്റ്റ് റീജിയണ്‍ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി വിരുദ്ധരായ 10 പേര്‍ക്ക് വിജയം. 21 വര്‍ഷത്തിനിടെ ആദ്യമായാണ് വെള്ളാപ്പള്ളിയുടേതല്ലാത്ത ഒരു പാനല്‍ എസ്എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന് വിജയിക്കുന്നത്. ആദ്യമായിട്ടാണ് വെള്ളാപ്പള്ളിക്കെതിരെ ശക്തമായ വിജയം എസ്എന്‍ ട്രസ്റ്റ് സംരക്ഷണ സമിതി നേടുന്നത്.
വെളിയം രാജന്‍, രാജ്കുമാര്‍, പുഷ്പാംഗദന്‍, ഡോ.ശ്രീനിവാസന്‍, അമൃതലാല്‍, ഡോ. അശോകന്‍ പ്രഫ. സത്യദാസ്, ചിത്രാംഗദന്‍, പുരുഷോത്തമന്‍, ഡോ. എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
97 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ കൊല്ലം റീജിയനില്‍ നിന്ന് തെരഞ്ഞെടുത്തു. ഇവരില്‍ 10 പേരാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമത പാനലില്‍ നിന്ന് മത്സരിച്ച് ജയിച്ചത്. പതിനായിരത്തിലേറെ അംഗങ്ങള്‍ക്ക് കൊല്ലത്ത് വോട്ടവകാശമുണ്ടായിരുന്നു. കൊല്ലം റീജിയന്‍ തെരഞ്ഞെടുപ്പില്‍ 4,383 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി.
വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പാനലും എസ്എന്‍ ട്രസ്റ്റ് സംരക്ഷണ സമിതി പാനലുമാണ് ഏറ്റുമുട്ടിയത്. സംരക്ഷണ സമിതിയുടെ പാനലിന് കൂടുതല്‍ വോട്ട് നേടാനും ഇക്കുറി കഴിഞ്ഞു.
നിയമ പോരാട്ടത്തിനൊടുവിലാണ് ട്രസ്റ്റിലേക്ക് വോട്ടെടുപ്പ് നടത്താന്‍ കിളിമാനൂര്‍ ചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള വിമതപക്ഷത്തിന് കഴിഞ്ഞത്. കൊല്ലം, തിരുവനന്തപുരം, വര്‍ക്കല എന്നീ ഭാഗങ്ങളില്‍ മാത്രമാണ് എസ്എന്‍ ട്രസ്റ്റിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. മറ്റിടങ്ങളില്‍ സമവായത്തിലൂടെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തു.
ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഹൈക്കോടതി നിരീക്ഷകനായ ജസ്റ്റിസ് പിഎസ് ഗോപിനാഥന്‍ കോളേജിലെത്തി. ആറ്റിങ്ങല്‍ എഎസ്പി ആദിത്യയുടെ നേതൃത്വത്തില്‍ മുന്നൂറ്റിയമ്പതോളം പൊലീസുകാരാണ് തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here