തിരുവനന്തപുരം : പോലീസ് പിടിയിലായിട്ടുള്ള മോഷ്ടാക്കളും ക്രിമിനലുകളും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയാല്‍ ഇനി പിടി വീഴും. മുന്‍പ് പോലീസ് പിടിയിലായിട്ടുള്ളവരോ, പോലീസ് അന്വേഷിക്കുന്നവരോ ഗുരുവായൂര്‍ ക്ഷേത്രത്തിലോ, പരിസരത്തോ എത്തിയാലാണ് പൊലീസിന്റെ വലയില്‍ കുടുങ്ങുക.
പ്രതികളുടെ മുഖം തിരിച്ചറിഞ്ഞ് ജാഗ്രതാനിര്‍ദ്ദേശം നല്‍കുന്നതിന് സംവിധാനമുള്ള അത്യാധുനികമായ സിസിടിവി ക്യാമറാ സംവിധാനം സ്ഥാപിക്കും. മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാണ് ഈ സിസിടിവി ക്യാമറാ സംവിധാനം. രാജ്യത്ത് നിലവില്‍ മറ്റൊരു ആരാധാനാലയത്തിലും ഈ അത്യാധുനിക സംവിധാനം ഇല്ല.
വിമാനത്താവളങ്ങളിലും, അന്താരാഷ്ട്ര തലത്തില്‍ വിവിഐപികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനും ‘മുഖം തിരിച്ചറിയല്‍’ സാങ്കേതിക വിദ്യയുള്ള ഈ ക്യാമറാ സംവിധാനം ഉപയോഗിക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ക്യാമറാ സംവിധാനം ഒരുക്കിയിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തിലും പരിസരത്തുമായി മുഖം തിരിച്ചറിയല്‍ സംവിധാനമുള്ള പത്ത് ക്യാമറകള്‍ അടക്കം 292 ക്യാമറകളാണ് അഞ്ച് കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 90 ദിവസത്തിനുള്ളില്‍ ക്യാമറകള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും പരിസരത്തും ക്രമീകരിക്കും.
7 അടി വീതിയും, 4 അടി ഉയരവുമുള്ള വീഡിയോ വാള്‍ വഴി തത്സമയ നിരീക്ഷണ സംവിധാനമൊരുക്കും. കുട്ടികളെയും മറ്റും ക്ഷേത്രത്തിലെ തിരക്കില്‍ കാണാതായാല്‍ ഫോട്ടോ ഉപയോഗിച്ച് കണ്ടുപിടിക്കുന്നതിനും ഈ ക്യാമറാ സംവിധാനം വഴി കഴിയും. രാത്രിയില്‍ അതീവ സുരക്ഷാമേഖലയില്‍ ആരെങ്കിലും കടന്നാല്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനവും സജ്ജീകരിക്കുന്നുണ്ട്.
ഇതിന് പുറമെ ഗുരുവായൂരില്‍ ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, ടൂറിസ്റ്റ് അമിനിറ്റി സെന്റര്‍, ഒരേ സമയം 300 കാറുകള്‍ പാര്‍ക്ക് ചെയ്യാനാകുന്ന മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സമുച്ചയം എന്നിവയും നിര്‍മ്മിക്കുന്നുണ്ട്. പ്രസാദം പദ്ധതി പ്രകാരം 46 കോടി രൂപ ഗുരുവായൂര്‍ ക്ഷേത്രനഗര വികസന പദ്ധതിക്ക് വിനിയോഗിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
അവലോകനയോഗത്തില്‍ കെവി അബ്ദുള്‍ഖാദര്‍ എംഎല്‍എ, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഐഎഎസ്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എന്‍ പീതാംബരകുറുപ്പ്, അഡ്മിനിസ്‌ട്രേറ്റര്‍ ശശിധരന്‍, ഗുരുവായൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പികെ ശാന്തകുമാരി, വൈസ്‌ചെയര്‍മാന്‍ കെപി വിനോദ് എന്നിവരും പങ്കെടുത്തു.
Get real time update about this post categories directly on your device, subscribe now.