ഹൈദരാബാദ് : തെലങ്കാനയില്‍ ഇന്ദിരാ പാര്‍ക്കിനുമുന്നില്‍ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് അതിക്രമം. പൊലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജ്ജില്‍ സംസ്ഥാന സെക്രട്ടറി കോട്ട രമേശ് ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളടക്കമുള്ള പ്രതിഷേധങ്ങള്‍ നടക്കുന്ന ഇന്ദിരാ പാര്‍ക്കിന് മുന്നിലുള്ള ധര്‍ണ്ണാ ചൗക്ക് ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെയാണ് പൊലീസ് തല്ലിച്ചതച്ചത്. വര്‍ഷങ്ങളായി സമരകേന്ദ്രമായി അറിയപ്പെടുന്ന ഇവിടെ കഴിഞ്ഞ വര്‍ഷം മാത്രം 1900 പ്രതിഷേധങ്ങള്‍ നടന്നു.
മാധ്യമങ്ങളുടെയും സമൂഹത്തിന്റെയും ശ്രദ്ധയിലുള്ള ഇവിടെ നിന്നും പ്രതിഷേധങ്ങള്‍ നഗരത്തിനുവെളിയിലേക്ക് ആട്ടിയകറ്റാനാണ് സര്‍ക്കാര്‍ ശ്രമം. ധര്‍ണ്ണാ ചൗക്ക് ഒഴിപ്പിച്ച് പ്രതിഷേധങ്ങളെ ആട്ടിയോടിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് എസ്എഫ്‌ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.
സമാധാനപരമായി നടന്ന പ്രതിഷേധത്തിലേക്ക് ഇരച്ചുകയറിയ പൊലീസ് വിദ്യാര്‍ഥികള്‍ക്കുനേരെ ക്രൂരമായ ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കോട്ട രമേഷ് ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന പൊലീസ് ക്രൂരതയ്‌ക്കെതിരെ തെലങ്കാനയില്‍ പ്രതിഷേധം ശക്തമാണ്.
Get real time update about this post categories directly on your device, subscribe now.