അമ്മയെയും കുഞ്ഞുപെങ്ങളെയും നോക്കി കാമക്കണ്ണുകൊണ്ട് ചിത്രംവരയ്ക്കുന്നരോട്; ഞങ്ങളുടെ കൈയ്യില്‍ കിട്ടിയാല്‍ ദയ പ്രതീക്ഷിക്കരുത്; ഓപ്പറേഷന്‍ എഫ്ബി സെക്‌സ് ചാറ്റിലൂടെ മുന്നറിയിപ്പുമായി കേരള സൈബര്‍ വാരിയേഴ്‌സിന്റെ വീഡിയോ

തിരുവനന്തപുരം : സോഷ്യല്‍ മീഡിയയിലെ ഞരമ്പ് രോഗികള്‍ക്ക് അവസാന മുന്നറിയിപ്പുമായി കേരള സൈബര്‍ വാരിയേഴ്‌സിന്റെ ബ്ലൂ ആര്‍മി. സ്വന്തം അമ്മയെയും കുഞ്ഞുപെങ്ങന്മാരെയും വരെ സോഷ്യല്‍ മീഡിയയിലൂടെ മോശമായി ചിത്രീകരിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്. സെക്‌സ് ചാറ്റ് ഗ്രൂപ്പുകള്‍, പേജുകള്‍, പ്രൊഫൈലുകള്‍ എന്നിവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്.

‘അമ്മയെയും കുഞ്ഞു പെങ്ങളെയും കാമകണ്ണ് കൊണ്ട് ചിത്രം വരക്കുന്നവര്‍ക്ക് മാപ്പില്ല’ എന്ന് തുടങ്ങുന്നതാണ് ബ്ലൂ ആര്‍മിയുടെ ഫേസ്ബുക് പോസ്റ്റ്. ‘നിന്റെയൊക്കെ ഞരമ്പുരോഗത്തിന് ലോകത്ത് എവിടെയാണോ ചികിത്സ അവിടെ പോയി ചികില്‍സിക്കുക. ഞങ്ങളുടെ കയ്യില്‍ കിട്ടിയാല്‍ ദയ പ്രതീക്ഷിക്കരുതെന്നും’ കേരള സൈബര്‍ വാരിയേഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നു.

‘നീയൊക്കെ എന്ത് തെമ്മാടിത്തരം ചെയ്താലും ചോദിക്കാനും പറയാനും ഇന്ന് ആണും പെണ്ണും കെട്ട ഒരു കൂട്ടം ഉണ്ടെന്നു അറിയാം. ആവിഷ്‌കാര ഫ്രീഡം പറഞ്ഞു അവര്‍ ഞങ്ങളെ കടന്നാക്രമിക്കുകയും ചെയ്യും.’ സൈബര്‍ വാരിയേഴ്‌സിന്റെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ വീഡിയോയ്ക്ക് ഒപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

‘ഞങ്ങളുടെ പിന്നില്‍ നീതിയുടെ വെളിച്ചം തേടി നടക്കുന്ന ഒരു ജനതയുണ്ട്. നേരിനൊപ്പം നിക്കുന്ന പച്ചയായ മനുഷ്യര്‍ ഉണ്ട്. അത് ഉള്ളടത്തോളം കാലം അവര്‍ക്കു വേണ്ടി ഞങ്ങള്‍ ചെയ്യും. ഇപ്പോള്‍ പുറത്തുവിടുന്ന വീഡിയോ ഒരു സാമ്പിള്‍ വെടിക്കെട്ട് മാത്രം. ഒരു ഫുള്‍ സ്റ്റോറി വരുന്നുണ്ട്. ഞരമ്പുകള്‍ നോക്കി ഇരുന്നോ. നിങ്ങളുടെ തേങ്ങ ഞങ്ങള്‍ ഉടച്ചിരിക്കും.’ – ബ്ലൂ ആര്‍മി പറയുന്നു.

മലയാളത്തിലടക്കം നിരവധി സെക്‌സ് ചാറ്റ് ഗ്രൂപ്പുകളാണ് നിലവിലുള്ളത്. ഇതില്‍ സ്വന്തം അമ്മയെയും പെങ്ങന്മാരെയും വരെ ഞരമ്പന്മാര്‍ മോശമായി ചിത്രീകരിക്കുന്നു. ബന്ധുക്കളായവരുടെ ശരീര ഭംഗി വര്‍ണ്ണിച്ചും ചിത്രങ്ങളും വീഡിയോയും കൈമാറിയുമാണ് ചാറ്റില്‍ ഏര്‍പ്പെടുന്നത്. സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറിയുമാണ് ഞരമ്പന്മാര്‍ അരങ്ങുവാഴുന്നത്.

ഹാക്ക് ചെയ്ത പേജുകളില്‍ നിന്നും പ്രൊഫൈലുകളില്‍ നിന്നും ലഭിച്ച അശ്ലീല ചാറ്റിന്റെ വീഡിയോയും ബ്ലൂ ആര്‍മി പുറത്തുവിട്ടു. അഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇത്തരം അശ്ലീല ചാറ്റ് ഗ്രൂപ്പുകളുടെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഫേസ്ബുക്കില്‍ സദാ ആക്ടീവ് ആയ ചില ഐഡികള്‍ ഹാക്ക് ചെയ്തതുവഴിയാണ് ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

ഇത് ബ്ലൂ ആര്‍മിയുടെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പുതിയ ഓപ്പറേഷന്‍. ഓപ്പറേഷന്‍ എഫ്ബി സെക്‌സ് ചാറ്റ് എന്നാണ് ബ്ലൂ ആര്‍മിയുടെ ഓപ്പറേഷന് നല്‍കിയ പേര്. ഇതിന് മുമ്പ് നിരവധി സൈബര്‍ അറ്റാക്കുകള്‍ കേരള സൈബര്‍ വാരിയേഴ്‌സ് ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തെ പിന്തുണച്ച് പാകിസ്താനെതിരെ സൈബര്‍ ആക്രമണം നടത്തുന്നതിന് മുന്നില്‍ നിന്നത് കേരള സൈബര്‍ വാരിയേഴ്‌സ് ആണ്.

ജസ്റ്റിസ് ഫോര്‍ ജിഷ്ണു കാമ്പയിനിന്റെ ഭാഗമായി നെഹ്‌റു കോളജിന്റെ വെബ്‌സൈറ്റ് ഹാക് ചെയ്തത് ബ്ലൂ ആര്‍മിയാണ്. ഇന്ത്യന്‍ സൈബര്‍ സ്‌പേസിന് സുരക്ഷിതത്വം, ട്രോള്‍ ബംഗ്ലാദേശ്, അസമത്വത്തിനെതിരായ സൈബര്‍ ആക്രമണം തുടങ്ങിയവയും ബ്ലൂ ആര്‍മി ഏറ്റെടുത്തിട്ടുണ്ട്. സൈബര്‍ ഓപ്പറേഷന്റെ ഭാഗമായി ആയിരക്കണക്കിന് പാക് സൈറ്റുകളാണ് കേരള സൈബര്‍ വാരിയേഴ്‌സ് തകര്‍ത്തത്.

കഴിഞ്ഞ ദിവസം കേരള സൈബര്‍ വാരിയേഴ്‌സിനെ വിമര്‍ശിച്ച് ചില ഫേസ്ബുക് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സമീപകാലത്ത് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായ പെഡോഫീലിയ അനുകൂലികളാണ് വിമര്‍ശനത്തിന് പിന്നിലെന്നാണ് ബ്ലൂ ആര്‍മി പറയുന്നത്. കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നത് വിവരിച്ച് ഫേസ്ബുക് പോസ്റ്റിട്ടയാളുടെ അക്കൗണ്ട് ബ്ലൂ ആര്‍മി ഹാക്ക് ചെയ്തിരുന്നു.

ഇതിലുള്ള പ്രതിഷേധമാണ് കേരള സൈബര്‍ വാരിയേഴ്‌സിനെതിരായി ചെറു ന്യൂനപക്ഷം ഉയര്‍ത്തുന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്ക് കാരണമെന്നും ബ്ലൂ ആര്‍മി വ്യക്തമാക്കി. വിമര്‍ശനത്തിന് ആധാരമായ സംഭവത്തില്‍ കേരള സൈബര്‍ വാരിയേഴ്‌സിന് പങ്കില്ലെന്നും ബ്ലൂ ആര്‍മി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News