കേന്ദ്രഭരണമെന്ന ഓലപ്പാമ്പിനെ കാണിച്ച് ഇടതുപക്ഷത്തെ പേടിപ്പിക്കേണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍; കുമ്മനത്തിന്റേത് എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനം; സിപിഐഎം എന്നും സമാധാനം ആഗ്രഹിക്കുന്നു

കണ്ണൂര്‍: കേരളത്തില്‍ പട്ടാളനിയമത്തിന്റെയോ കരിനിയമത്തിന്റെയോ ആവശ്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പട്ടാള നിയമമായ അഫ്‌സ്പയും മറ്റും കേരളത്തില്‍ ഏര്‍പ്പെടുത്തണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നിലപാട് എരിതീയില്‍ എണ്ണയൊഴിക്കുന്നതാണെന്നും കോടിയേരി പറഞ്ഞു. സിപിഐഎം പ്രവര്‍ത്തകരുടെ പേരില്‍ കുമ്മനം പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കണ്ണൂരില്‍ അഫ്‌സ്പ പ്രയോഗിക്കണമെന്ന് പറയുന്ന ബിജെപി, കേന്ദ്രഭരണമെന്ന ഓലപ്പാമ്പിനെ കാണിച്ച് ഇടതുപക്ഷത്തെ പേടിപ്പിക്കേണ്ടെന്നും കോടിയേരി പറഞ്ഞു. ക്വിറ്റ് ഇന്ത്യാ സമരത്തെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയെടുത്ത നിയമത്തിന്റെ വകഭേദമായ അഫ്‌സപ പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ചിടത്തൊന്നും സമാധാനം പുലര്‍ന്നിട്ടില്ല. മാത്രമല്ല. പ്രശ്‌നങ്ങള്‍ രൂക്ഷമാകുകയാണ് ചെയ്തിട്ടുള്ളത്. ജമ്മുവും മണിപ്പൂരുമെല്ലാം അതിന്റെ തിക്താനുഭവങ്ങള്‍ പേറുന്നവരാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 12 സിപിഐഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസുകാരാല്‍ കൊല്ലപ്പെട്ടു. നിരവധി പാര്‍ട്ടി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 27 സിപിഐഎം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത്. അന്നൊന്നും ആരും ഇവിടെ പട്ടാള നിയമമോ കരിനിയമയോ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ ആവശ്യപ്പെടുന്നതിന് പിന്നിലും പ്രത്യേക ലക്ഷ്യമുണ്ട്. കേന്ദ്രഭരണം ഉപയോഗിച്ച് കേരളത്തില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും നയങ്ങള്‍ നടപ്പാക്കിയെടുക്കുന്നതിനാണത്.

കേരളത്തില്‍ ജനം തെരഞ്ഞെടുത്ത ഒരു സര്‍ക്കാരുണ്ട് അതിനെ ഭരിക്കാന്‍ അനുവദിക്കണം. 1959ല്‍ ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിച്ചപോലെ ഈ സര്‍ക്കാരിനേയും അട്ടിമറിക്കാനാണ് ശ്രമം. സുപ്രീംകോടതി പോലും അത്തരം നിയമങ്ങള്‍ക്കെതിരാണെന്ന് ബിജെപി മനസിലാക്കണം.

ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പാക്കാന്‍ കൂട്ടുനില്‍ക്കാത്തതിനാണ് ഭരണഘടനാപദവിയിലുള്ള ഗവര്‍ണറെ ചീത്തവിളിക്കുന്നത്. ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പോസ്റ്റ് മാന്‍ എന്നാണ് ഗവര്‍ണറെ വിളിച്ചത്. മറ്റൊരു ജനറല്‍ സെക്രട്ടറി ഗവര്‍ണറോട് ഇറങ്ങിപോകാനാണ് ആവശ്യപ്പെട്ടത്.

സിപിഐഎം പ്രവര്‍ത്തരെ മാത്രമല്ല ആക്രമിക്കുന്നത്. ബിജെപിക്കാരും ആര്‍എസ്എസുകാരും തമ്മില്‍തല്ലുകയാണ്. ബിജെപിക്കുള്ളിലെ ചേരിപ്പോര് അത്ര രൂക്ഷമാണ്. എറണാകുളത്ത് കഴിഞ്ഞ ദിവസം ബിജെപി നേതാവിന്റെ കാല് തല്ലിയൊടിച്ചത്് ആര്‍എസ്എസുകാരാണ്. കൂടാതെ നിരവധി അഴിമതി ആരോപണങ്ങളും ബിജെപി നേതാക്കള്‍ക്കെതിരെ സംസ്ഥാന കൗണ്‍സിലില്‍ തന്നെ ഉയര്‍ന്നതായി മാധ്യമങ്ങളില്‍ വരുന്നുണ്ട്. മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നേടി തരാമെന്ന് പറഞ്ഞ് കോടികളാണ് കൈക്കൂലി വാങ്ങുന്നത്. കൂടാതെ കേരളത്തില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തിന് നൂറുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയുമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ കരി നിയമംകാണിച്ച് ഭയപ്പെടുത്താനാണ് ആര്‍എസ്എസിന്റെ ശ്രമമെന്നും കോടിയേരി പറഞ്ഞു.

കണ്ണൂരില്‍ സര്‍കക്ഷിയോഗം ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ ഇരുഭാഗവും ലംഘിച്ചു. രാമന്തളി സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. ഇതേ നയം പാലിക്കാന്‍ ബിജെപി തയ്യാറുണ്ടോയെന്നും കോടിയേരി ചോദിച്ചു. സിപിഐഎം സമാധാനത്തിന് വേണ്ടിയാണ് നിലകൊളളുന്നതെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

പല തലങ്ങളിലായി അഞ്ചിലേറെ സമാധാന യോഗങ്ങളാണ് സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമായി മുഖ്യമന്ത്രി നേതൃത്വം കൊടുത്ത് നടത്തിയത്. ഫെബ്രുവരി 14ന് നടന്ന യോഗവും ആ നിലപാടാണെടുത്തത്. എന്നാല്‍ അത് ലംഘിക്കുന്ന ഇടപെടലുകള്‍ ഇരുഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അത്തരക്കാരെ സിപിഐഎം തള്ളിപറയുമെന്നും കോടിയേരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News