
മാഡ്രിഡ്: കാല്‍പന്തുപ്രേമികള്‍ കാത്തിരിക്കുന്ന ലാലിഗ കിരീടം ഫോട്ടോഫിനിഷിലെത്തിനില്‍ക്കുമ്പോള്‍ റയല്‍ ആരാധകര്‍ക്ക് നിരാശയുണര്‍ത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. നിര്‍ണായകമായ രണ്ട് എവെ മത്സരങ്ങള്‍ക്ക് ബുട്ടുകെട്ടുമ്പോള്‍ റയലിന്റെ മൂന്ന് പ്രധാനതാരങ്ങള്‍ക്ക് കളിക്കാനാകില്ല.
ലീഗിലെ അട്ടിമറിവീരന്‍മാരായ സെല്‍റ്റ വിഗോയ്‌ക്കെതിരെയുളള മത്സരത്തില്‍ സൂപ്പര്‍താരം ഗരത് ബെയ്‌ലടക്കമുള്ളവര്‍ക്കാണ് കരയിലിരിക്കേണ്ടിവരിക. ബെയിലിനു പുറമെ ഡാനി കര്‍വാഞ്ചല്‍, നാച്ചോ എന്നിവരാണ് പുറത്തിരിക്കേണ്ടിവരുക. ബെയ്‌ലു ഡാനി കര്‍വാഞ്ചലും പരിക്ക് മൂലം ആണ് പുറത്തിരിക്കുന്നതെങ്കില്‍ സസ്‌പെന്‍ഷന്‍ കാരണമാണ് നാച്ചോയ്ക്ക് കളത്തിലിറങ്ങാനാകാത്തത്.
സീസണില്‍ അഞ്ച് മഞ്ഞക്കാര്‍ഡ് വാങ്ങിയതാണ് നാച്ചോയ്ക്ക് തിരിച്ചടിയായത്. സെവിയ്യക്കെതിരായ മത്സരത്തിലും നാച്ചോയ്ക്ക് മഞ്ഞക്കാര്‍ഡ് കിട്ടിയിരുന്നു. റയലിന്റെ പ്രതിരോധക്കോട്ടയിലെ പ്രധാനകണ്ണിയാണ് നാച്ചോ. നാച്ചോയ്‌ക്കെതിരായ വിലക്കിനെതിരെ റയല്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഗരത് ബെയ്‌ലും ഡാനി കര്‍വാഞ്ചലും പരിക്കിന്റെ പിടിയിലാണ്. പിന്‍തുട ഞരമ്പിനാണ് ഇരുവര്‍ക്കും പരിക്കേറ്റത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബെയ്ല്‍ തിരിച്ചെത്തുമെന്നാണ് റയല്‍ ക്യാമ്പില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ലാലിഗയില്‍ കിരീടപോരാട്ടം അത്യന്ത്യം ആവേശകരമായിരിക്കവെ ബിഗ് ത്രിയില്ലാത്തത് റയലിന് വിനയാകുമെന്നാണ് വിലയിരുത്തലുകള്‍. 87 പോയിന്റ് വീതം നേടി റയലും ബാഴ്‌സയും ഒപ്പത്തിനൊപ്പമാണെങ്കിലും ഗോള്‍ശരാശരിയുടെ ബലത്തില്‍ ബാഴ്‌സയാണ് ലിഗില്‍ ഒന്നാംസ്ഥാനത്ത്. എന്നാല്‍ ഒരു മത്സരം കുറച്ച് കളിച്ചിട്ടുള്ളത് റയലിന് മുന്‍തൂക്കം നല്‍കുന്നു. ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാല്‍ ലാലിഗ കിരീടം നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സാന്റിയാഗോ ബര്‍ണബ്യൂവിലെത്തും. ഒരു മത്സരം ജയിച്ച് രണ്ടാമത്തേത് സമനിലയിലായാലും സിദാനും സംഘത്തിനും കിരീടമുയര്‍ത്താം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here