ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനം സിബിഐ അന്വേഷിക്കും; കേസ് ഏറ്റെടുക്കണമെന്ന് ദില്ലി ഹൈക്കോടതിയുടെ ഉത്തരവ്

ദില്ലി: എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായശേഷം കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനകേസ് സിബിഐ അന്വേഷിക്കും. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ ദിവസങ്ങള്‍ക്കുമുന്‍പ് കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് സിബിഐ അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്.

മകന് നീതി തേടിയാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ജി എസ് സിസ്താനി, രേഖ പാള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് സിബിഐക്ക് വിടാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഡിഐജി റാങ്കിലുള്ള ഉദ്യേഗസ്ഥന്‍ കേസില്‍ മേല്‍നോട്ടം ദില്ലി പൊലീസിന് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ഒക്ടോബര്‍ പതിനഞ്ചിനാണ് നജീബ് അഹമ്മദ് എന്ന ജെഎന്‍യുവിലെ ഒന്നാം വര്‍ഷ ബയോടെക്‌നോളജി ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയെ കാണാതാകുന്നത്. അതിന്റെ തലേ ദിവസം മാഹിമാണ്ഢവി ഹോസ്റ്റലില്‍വെച്ച് ഒരുകൂട്ടം എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ ആക്രമിച്ചിരുന്നു. ഇതിനുശേഷമാണ് നജീബിനെ കാണാതായത്. സംഭവം നടന്ന് ആറ് ദിവസങ്ങള്‍ പിന്നിട്ടിട്ടും പരാതി കൊടുക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ഥി യൂണിയനും നജീബിന്റെ അമ്മ ഫാത്തിമ നഫീസയും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍വകലാശാല അധികൃതരും പരാതി നല്‍കി.

പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന പരാതി ഫാത്തിമ നഫീസ് ഉന്നയിച്ചിരുന്നു. നജീബിന് നീതി തേടി എസ്എഫ്‌ഐയുടെയും വിദ്യാര്‍ഥി യൂണിയന്റെയും നേതൃത്വത്തില്‍ നിരവധി പ്രതിഷേധങ്ങളാണ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here