പ്രതികാരം ബിജെപി സര്‍ക്കാരിന്റെ ഡിഎന്‍എയില്‍ അലിഞ്ഞതെന്ന് കോണ്‍ഗ്രസ്

ദില്ലി : പ്രതികാരമെന്നത് ബിജെപി സര്‍ക്കാരിന്റെ ഡിഎന്‍എയില്‍ ചേര്‍ന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് പ. ചിദംബരത്തിന്റെ വസതികളില്‍ സിബിഐ റെയ്ഡ് നടത്തിയ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ബജെപിയെ കടന്നാക്രമിച്ച രണ്‍ദീപ് സിംഗ് സുര്‍ജേവാല മോദിക്കെതിരെയും വിമര്‍ശനമുയര്‍ത്തി.

ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് നേതാക്കളെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. എതിരാളികളെ അന്ധമായി നേരിടുന്ന പാര്‍ട്ടിയാണ് ബിജെപി. കാവിപ്പാര്‍ട്ടിയെ തുറന്നുകാട്ടുമെന്നും എഐസിസി നേതൃത്വം വ്യക്തമാക്കി. എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജെവാലയാണ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.

നരേന്ദ്ര മോദി കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടുന്ന സഹാറ – ബിര്‍ല എക്‌സല്‍ ഷീറ്റ് ആരോപണത്തില്‍ എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്ന് രണ്‍ദീപ് ചോദിച്ചു. പൊതുഖജനാവിന് 20,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ ഗുജറാത്ത് പെട്രോളിയം അഴിമതിക്കേസിലും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദി തന്നെയാണ് കുറ്റാരോപിതനെന്നും കോണ്‍ഗ്രസ് അരോപിച്ചു.

വിജയ് മല്യയെ പോലെയുള്ളവരെ രക്ഷപെടാന്‍ ശ്രമിച്ചതും ഇതേ ബിജെപി സര്‍ക്കാരാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ചൊവ്വാഴ്ചയാണ് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ് നടത്തിയത്. മാധ്യമ സ്ഥാപനത്തിന് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനം വഴിയൊരുക്കിയെന്നാണ് ആരോപണം. ഇതിന്മേലാണ് ചെന്നൈ നുങ്കംപാക്കത്തെ വസതികളില്‍ സിബിഐ റെയ്ഡ് നടത്തിയത്.

എയര്‍സെല്‍ മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ടും ആരോപണം നേരിട്ടയാളാണ് കാര്‍ത്തി ചിദംബരം. ഇദ്ദേഹത്തിന്റെ വീടുകളില്‍ നേരത്തെയും സിബിഐ റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. വിദേശനാണ്യ വിനിമയ ചട്ടം ലഘിച്ചുവെന്ന പരാതിയില്‍ കഴിഞ്ഞമാസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാര്‍ത്തി ചിദംബരത്തിന് നോട്ടീസും നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News