പാലക്കാട് : സംസ്ഥാനത്ത് കമ്പ്യൂട്ടറുകള്‍ക്ക് നേരെ വീണ്ടും വനാക്രൈ വൈറസ് ആക്രമണം. പാലക്കാട് റെയില്‍വെ ഡിവിഷണല്‍ ഓഫീസിലാണ് റാന്‍സംവെയര്‍ ആക്രമണമുണ്ടായത്. 23 കമ്പ്യൂട്ടറുകളാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഹാക്കര്‍മാര്‍ തകരാറിലാക്കിയത്.
പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസിലെ പേഴ്‌സണല്‍ വിഭാഗത്തിലെ 22 കമ്പ്യൂട്ടറുകളിലും അക്കൗണ്ട്‌സ് വിഭാഗത്തിലെ ഒരു കമ്പ്യൂട്ടറിലുമാണ് റാന്‍സം വെയര്‍ വൈറസ് ബാധിച്ചത്. ഉച്ചക്ക് ഒരു മണിയോടെയാണ് കമ്പ്യൂട്ടറില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ടുളള സന്ദേശം എത്തിയത്.
മൂന്നു ദിവസത്തിനകം 300 ഡോളറിന് തുല്യമായ ബിറ്റ്‌കോയിന്‍ കൈമാറണമെന്നാണ് സന്ദേശം. അല്ലെങ്കില്‍ ഏഴു ദിവസത്തിനകം ഡാറ്റകള്‍ നശിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. തുടര്‍ന്ന് വൈറസ് ബാധിച്ച കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തന രഹിതമായി. ഇതോടെ മറ്റു കമ്പ്യൂട്ടറുകളിലേയ്ക്ക് വൈറസ് ബാധയുണ്ടാകാതിരിക്കാന്‍ ഡിവിഷന്‍ ഓഫീസിലെ നെറ്റ് കണക്ഷന്‍ അധികൃതര്‍ വിഛേദിച്ചു.
ജീവനക്കാരുടെ ശബളം, പ്രൊമോഷന്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന കമ്പ്യൂട്ടറുകളാണ് പ്രവര്‍ത്തന രഹിതമായിട്ടുളളത്. എന്നാല്‍ റെയില്‍ ഗതാഗതം, ട്രെയിന്‍ റിസര്‍വേഷന്‍, സിഗ്‌നലിംഗ് സംവിധാനം എന്നിവയെ ഇത് ബാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.