മദ്യം വാങ്ങാന്‍ കാശിനായി ദമ്പതികള്‍ കുഞ്ഞനെ വിറ്റു

റാഞ്ചി : മദ്യം വാങ്ങാന്‍ ദമ്പതികള്‍ ഒന്നരമാസം പ്രായമായ ആണ്‍കുഞ്ഞിനെ വിറ്റു. താര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലാണ് സംഭവം. മദ്യത്തിനടിമകളായ ദമ്പതിള്‍ 45,000 രൂപക്ക് കുഞ്ഞിനെ വിറ്റതായി ശിശുക്ഷേമ സമിതി കണ്ടെത്തി. ബൊക്കാറില്‍ അലക്കുകാരനായി ജോലി ചെയ്യുന്ന രാജേഷ് ഹെംബോം എന്ന മുപ്പതുകാരനും ഭാര്യയും ചേര്‍ന്നാണ് കുഞ്ഞിനെ വിറ്റത്.

സംഭവമറിഞ്ഞ് അന്വേഷിച്ചെത്തിയ പോലീസിന് ഇവര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. സന്തോഷ് സാഹിഷ് എന്നയാളാണ് 45,000 രൂപ നല്‍കി ദമ്പതികളില്‍ നിന്നും കുഞ്ഞിനെ വാങ്ങിയത്. പിന്നീട് ഇയാള്‍ ചക്രധാര്‍പൂരില്‍ താമസിക്കുന്ന അന്‍പതുകാരനായ മേഘു മഹാതോ എന്നയാള്‍ക്ക് കുഞ്ഞിനെ കൈമാറുകയായിരുന്നുവെന്ന് റാഞ്ചി അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ദിരേന്ദ്രകുമാര്‍ പറഞ്ഞു.

സംഭവത്തില്‍ സന്തോഷിനെയും മഹാതൊയെയും പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കര്‍ശന നിര്‍ദേശങ്ങളോടെ ശിശുക്ഷേമ സമിതി കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി. താര്‍ഖണ്ഡിലെ ഗ്രാമീണ മേഖലകളില്‍ ശിശുവ്യാപാരം വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍. ദാരിദ്ര്യം മൂലമാണ് ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നതെന്നാണ് നിഗമനം.

ആദിവാസി സമൂഹമാണ് ഇവരുടെ ചൂഷണത്തിന് കൂടുതലും ഇരയാകുന്നത്. കുട്ടികളെ കടത്തുന്നതിനും വാടക ഗര്‍ഭധാരണം നടത്തുന്നതിനും വന്‍ റാക്കറ്റുകള്‍ താര്‍ഖണ്ഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News