കൊല്ലത്ത് 144 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വ്യാജ പ്രമാണം ചമച്ച് തട്ടിയെടുത്തു; രേഖകള്‍ ചിതലരിച്ച് നശിച്ചെന്ന് വിവരാവകാശ മറുപടി

കൊല്ലം: കൊല്ലം മാലയില്‍ മലപ്പത്തൂരില്‍ 144 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വ്യാജ പ്രമാണം ചമച്ച് തട്ടിയെടുത്തതായി റവന്യമന്ത്രിക്ക് പരാതി. ഭൂമിയെ സംബന്ധിക്കുന്ന രേഖകള്‍ ചിതലരിച്ച് നശിച്ചുപോയെന്നാണ് റവന്യു വകുപ്പിന്റെ വിവരാവകാശ നിയമപ്രകാരമുള്ള മറുപടി.

1957ല്‍ നന്ദാവനം എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് മാലയില്‍ മലപ്പത്തൂരിലെ 144 ഏക്കര്‍ ഭൂമി റബ്ബര്‍ പ്ലാന്റേഷനു വേണ്ടി പാട്ടത്തിന് ലഭിച്ചതായി രേകകളില്‍ പറയുന്നു. പ്ലാന്റേഷന്‍ ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ല എന്ന വ്യവസ്ഥ നിലനില്‍കെ 2008ല്‍ വ്യാജ പ്രമാണം ചമച്ച് ഉന്നതര്‍ ഭൂമി മറിച്ചു വിറ്റു. വിവരാവകാശ നിയമപ്രകാരം ഭൂമിയുടെ രേഖകള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ വിവിധ ഓഫീസുകളില്‍ നിന്നും ലഭിച്ച മറുപടികള്‍ ഇപ്രകാരമാണ്.

2009ല്‍ രേഖകള്‍ കത്തിപ്പോയെന്ന് കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ഓഫീസ്, കാലപ്പഴക്കം കാരണം നശിച്ച് പോയെന്ന് വില്ലേജ് ഓഫീസ്. പൊടിഞ്ഞും ചിതല്‍ തിന്നും പോയെന്ന് താലൂക്ക് ഓഫീസ്, രേഖകള്‍ ലഭ്യമല്ലെന്ന് ലാന്റ് റവന്യു കമ്മീഷണറും പറയുന്നു. രേഖകള്‍ നശിപ്പിച്ചതിലും ഗൂഡാലോചന ഉണ്ടെന്നാണ് ആരോപണം മാത്രമല്ല വ്യാജ സര്‍ക്കാര്‍ ഫയല്‍ ചമച്ച് ഇല്ലാത്ത തീരുമാനപ്രകാരം നിരവധി പേരുടെ പേര്‍ക്ക് 144 ഏക്കര്‍ ഭൂമി പോക്കുവരവ് ചെയ്തതായും വിജിലന്‍സ് കണ്ടെത്തി.
ഭൂമി ഇടപാടിലെ വിജിലന്‍സ് ത്വരിത പരിശോധനയില്‍ 2001 വരെ മാലയില്‍ മലപ്പത്തൂരിലെ ഭൂമിയ്ക്ക് പാട്ടം നല്‍കിയിരുന്നതിന്റെ നിര്‍ണായക തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു. വന്‍ഭൂമി തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സ് നിഗമനം. മയിലുകളുടെ ആവാസകേന്ദ്രമായ മാലയില്‍ മലപ്പത്തൂരില്‍ ക്രഷര്‍ യൂണിറ്റിനെതിരെ രണ്ട് വര്‍ഷമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ സമരം നടത്തി വരികയാണ്. ഇതിനിടെയാണ് ഭൂമി ഇടപാടുകള്‍ സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here