തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നവര്‍ക്ക് ഇനി വിശന്നിരിക്കേണ്ടി വരില്ല; ഡിവൈഎഫ്‌ഐയുടെ ‘വയര്‍ എരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം’ പദ്ധതിക്ക് തുടക്കം

തൃശൂര്‍: ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിനു മുന്നില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. വയര്‍ എരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം എന്ന പേരില്‍ ആരംഭിച്ച പദ്ധതി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ദിവസവും ഓരോ മേഖലാ കമ്മറ്റി എന്ന ക്രമത്തില്‍ വര്‍ഷം മുഴുവന്‍ മുടങ്ങാതെ പൊതി ചോറുകള്‍ നല്‍കാനാണ് തീരുമാനം.

തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇനി മുതല്‍ വിശന്നിരിക്കേണ്ടിവരില്ല. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയായാല്‍ വിശന്നെത്തുന്നവരെയും കാത്ത് ഡിവൈഎഫ്‌ഐയുടെ വാഹനങ്ങള്‍ മെഡിക്കല്‍ കോളേജ് പരിസരത്തുണ്ടാവും. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്ന് വാഴയിലയില്‍ പൊതിഞ്ഞ് ശേഖരിക്കുന്ന ചോറും കറികളും മുടങ്ങാതെ ഇവിടെയെത്തും.

പുതിയ മെഡിക്കല്‍ കോളേജ് പരിസരത്ത് നീതി മരുന്നു വില്‍പന കേന്ദ്രത്തിന് സമീപമാണ് ഡിവൈഎഫ്‌ഐയുടെ ഭക്ഷണ വിതരണം. ആദ്യ ദിനം തന്നെ ചികിത്സ തേടിയെത്തിയ ആയിരങ്ങളുടെ വിശപ്പടക്കാന്‍ പ്രവര്‍ത്തകര്‍ക്കായി. വരും ദിവസങ്ങളില്‍ ആവശ്യക്കാരുടെ എണ്ണമനുസരിച്ച് കൂടുതല്‍ പൊതിച്ചോറുകള്‍ കരുതിയാവും ഇവരെത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here